മാഡ്രിഡില്‍ ചെന്ന് റയലിനെ മുട്ടുകുത്തിച്ച് ഷെറിഫ്; വണ്‍ ടൈം വണ്ടറല്ല, വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചന

ഒന്നിനെതിരെ രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോൾഡോവൻ ക്ലബായ ഷെറിഫ്

Update: 2021-09-29 02:54 GMT

13 തവണ ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയിട്ടുള്ള റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തിലെ വെച്ച് തന്നെ മുട്ടുകുത്തിച്ച് ചാമ്പ്യന്‍സ് ലീഗിലെ തുടക്കക്കാര്‍. ഒന്നിനെതിരെ രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോൾഡോവൻ ക്ലബായ ഷെറിഫ്. ചാമ്പ്യന്‍സ് ലീഗിലെ കന്നിക്കാരായ ഷെറിഫ് ആദ്യ മത്സരത്തിൽ ശക്തറിനെ പരാജയപ്പെടുത്തിയപ്പോള്‍ അതിനെ കാര്യമാക്കാതിരുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ വിജയം. സാക്ഷാൽ റയൽ മാഡ്രിഡിനെക്കൂടി വീഴ്ത്തി വണ്‍ ടൈം വണ്ടറല്ല തങ്ങള്‍ എന്ന് ഫുട്ബോള്‍ ലോകത്തോട് വിളിച്ചുപറയുകയാണവര്‍. അവസാന വിസില്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷെറിഫിന്‍റെ വിജയം. 89 ആം മിനുട്ടിലായിരുന്നു ഷെറിഫിന്‍റെ വിജയ ഗോൾ വന്നതെന്ന് മനസിലാക്കുമ്പോള്‍ തന്നെ  ഏതു കളിപ്രമികളെയും പിടിച്ചിരുത്തുന്ന മത്സരമായിരുന്നു നടന്നതെന്ന് വ്യക്തമാകും.

Advertising
Advertising

 റയലിന്‍റെ കാണികള്‍ക്ക് മുന്നില്‍ ആദ്യ വെടിപൊട്ടിച്ചതും ഷെറിഫ് തന്നെയാണ്. ലീഗിലെ തുടക്കക്കാരെ റയല്‍ ഗോള്‍ മഴയില്‍ മുക്കുന്ന കാഴ്ച പ്രതീക്ഷിച്ചെത്തിയ ആരാധകരുടെ നെഞ്ചില്‍ വെള്ളിടി പൊട്ടിച്ചുകൊണ്ട് മോൾഡോവൻ ക്ലബ് ലീഡെടുത്തു. കളിയുടെ 25ആം മിനുട്ടിലായിരുന്നു അത്. ക്രിസ്റ്റ്യാനോ ദ സിൽവയുടെ ക്രോസിൽ നിന്ന് ജാക്ഷിബേവിന്‍റെ ഹെഡർ, റയൽ ഡിഫൻസിന് കാഴ്ചക്കാരാക്കി വല കുലുക്കി.


ആദ്യ ഗോളിന്‍റെ ഞെട്ടലില്‍ നിന്ന് സമനില വീണ്ടെടുക്കാന്‍ റയല്‍ ഒരുപാട് സമയമെടുത്തു. ഒടുവില്‍ രണ്ടാം പകുതിയുടെ 65ആം മിനുട്ടിൽ മാഡ്രിഡ് സമനില പിടിച്ചു. പെനാല്‍റ്റി ഗോളിലൂടെ കരിം ബെൻസേമയാണ് മാഡ്രിഡിന് സമനില നേടിക്കൊടുത്തത്. പിന്നീട് വിജയ ഗോളിനായി റയൽ കിണഞ്ഞു ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. മത്സരത്തിന്‍റെ അവസാന മിനുട്ടിൽ റയലിന്‍റെ മണ്ണില്‍ അവരുടെ ആരാധകരെ സാക്ഷിയാക്കി ഷെറിഫ് ലീഡെടുത്തു. സെബാസ്റ്റ്യൻ തിൽ ബോക്സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട ഒരു റോക്കറ്റ് ഷോട്ടിലൂടെ ആയിരുന്നു ഷെറിഫിന്‍റെ വിജയ ഗോൾ വന്നത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഷെറിഫ് 6 പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി.




 


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News