മെസ്സിയെ ബാഴ്സയിലെത്തിക്കാൻ മാത്രം പവറുള്ള ബെക്കാം ക്ലോസ് എന്താണ്?

എംഎൽഎസിലെ ക്ലബുകളുമായി കളിക്കാരുടെ കരാറുകളിൽ ഒരു പ്രത്യേക ക്ലോസ് ഉണ്ട്

Update: 2025-11-13 12:41 GMT

മയാമി: ഒരു ക്ലബുമായി കരാറിൽ ഇരിക്കെ മറ്റൊരു ക്ലബിൽ കളിക്കാൻ സാധിക്കുമോ? പെട്ടെന്നുള്ള ഉത്തരം ഇല്ലെന്നായിരിക്കും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് സാധിക്കും. സൂപ്പർ താരങ്ങളായ ഡേവിഡ് ബെക്കാമും തിയറി ഹെൻറിയും ഇത്തരത്തിൽ എംഎൽഎസിൽ കളിച്ചുകൊണ്ടിരിക്കെ തന്നെ യൂറോപ്യൻ ക്ലബുകൾക്ക് വേണ്ടി ലോണിൽ കളിച്ചിട്ടുണ്ട് എന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്. ഇപ്പോൾ മെസി ബാഴ്സയിൽ തിരിച്ചെത്തും എന്ന വാർത്തകൾക്ക് പിന്നിലും ഈ സാധ്യത തന്നെയാണ്. എങ്ങനെയാണ് ഇത് നടക്കുന്നത്? നോക്കാം

എംഎൽഎസിലെ ക്ലബുകളുമായി കളിക്കാരുടെ കരാറുകളിൽ ഒരു പ്രത്യേക ക്ലോസ് ഉണ്ട്. അതായത് അമേരിക്കൻ ലീ​ഗിൽ കളിച്ചു കൊണ്ടിരിക്കെ തന്നെ ഒരു കളിക്കാരന് ചെറിയ കാലയളവിൽ ലോണിൽ മറ്റൊരു ക്ലബിൽ കളിക്കുവാൻ അനുവാദം നൽകുന്നുണ്ട്. എംഎൽഎസിലെ ഓഫ് സീസൺ ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ്.യൂറോപ്യൻ ലീ​ഗിൽ സീസൺ പകുതിയാവുകയെ ഉള്ളൂ. ഇതുതന്നെയാണ് മൂന്നോ നാലോ മാസം നീളുന്ന ലോണുകൾ സാധ്യമാക്കുന്നത്. ഇത് പൊതുവെ ബെക്കാം ക്ലോസ് എന്നാണ് അറിയപ്പെടുന്നത്.

ഡേവിഡ് ബെക്കാം എംഎൽഎസ് ക്ലബായ എൽഎ ​ഗാലക്സിയിൽ കളിച്ചുകൊണ്ടിരിക്കെ 2009 ൽ എസി മിലാനിൽ ലോണിൽ എത്തുന്നത് ബെക്കാം ക്ലോസിലൂടെയാണ്. 2012 ൽ ന്യൂയോർക്ക് റെഡ്ബുളിനായി കളിച്ചുകൊണ്ടിരിക്കെയാണ് തിയറി ഹെൻറി ആർസനലിൽ തിരിച്ചെത്തുന്നതും ഇങ്ങനെ തന്നെയാണ്. അതുപോലെ തന്നെ മെസിക്കും ഇന്റർ മയാമിയിൽ നിന്ന് ബാഴ്സലോണയിലേക്ക് ലോൺ സാധ്യമാവുമായിരുന്നു. എന്നാൽ ബാഴ്സ പ്രസിഡന്റ് ജ്യോൻ ലപ്പോർട്ട അത് നിഷേധിച്ചതോടെ ആ സാധ്യത അടഞ്ഞിരിക്കുകയാണ്

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News