റൊണാൾഡോക്ക് പകരക്കാരനായി കളത്തിൽ, മൂന്നു ഗോളും ഒരു അസിസ്റ്റും; ആരാണീ ഗോൺസാലോ റാമോസ്

പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് റാമോസെന്ന 21കാരൻ

Update: 2022-12-06 21:55 GMT

ദോഹ: സ്വിസ് മടയിൽ ആറു ഗോളടിച്ച് പറങ്കിപ്പട തേരോട്ടം നടത്തിയപ്പോൾ ഹാട്രിക് ഗോളുകളുമായി ചുക്കാൻ പിടിച്ചത് ഗോൺസാലോ റാമോസെന്ന 21കാരൻ. പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് താരം. കൂടാതെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലായിരിക്കുന്നു. ഇന്നത്തെ മാൻ ഓഫ് ദി മാച്ചും താരമാണ്.

Advertising
Advertising

ഇന്ന് പോർച്ചുഗലിന്റെ ആദ്യ ഇലവൻ പുറത്തുവന്നപ്പോൾ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരുണ്ടായിരുന്നില്ല. പകരം റാമോസാണുണ്ടായിരുന്നത്. കോച്ച് ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്താൻ തീരുമാനിക്കുകയും റാമോസിനെ ഇറക്കാൻ തീരുമാനിക്കുകയും ചെയ്തതിന്റെ പൊരുൾ മത്സരം ഫലം തുറന്നുകാട്ടുന്നു.

2001 ജൂൺ 20ന് ജനിച്ച താരം നിലവിൽ പോർച്ചുഗലിലെ പ്രീമിയറ ലീഗിൽ ബെനിഫിക്ക ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. ഡാർവിൻ നുനെസ് 80 മില്യൺ ഡോളറിന് ലിവർപൂളിലേക്ക് പോയ ശേഷമാണ് റാമോസിനെ ക്ലബ് ഉയർത്തിക്കൊണ്ടുവന്നത്. ക്ലബിന്റെ സെലിക്‌സൽ അക്കാദമിയിൽ 13 വയസ്സുള്ളപ്പോൾ താരം ചേർന്നിരുന്നു. 2019 യുറേ അണ്ടർ 19 ടൂർണമെൻറിൽ ടോപ് ഗോൾസ്‌കോററായിരുന്നു. ടൂർണമെൻറിൽ പോർച്ചുഗൽ റണ്ണറപ്പായിരുന്നു. ബെൻഫിക്കയുടെ നാലു ടീമുകൾക്കായും (ജൂനിയേഴ്‌സ്, അണ്ടർ 23സ്, ബി ടീം, ഫസ്റ്റ് ടീം) റാമോസ് ഗോളടിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിൽ നാഷൻസ് ലീഗ് മത്സരത്തിന്റെ അവസാന റൗണ്ടിലാണ് റാമോസ് പോർച്ചുഗൽ ദേശീയ സീനിയർ ടീമിലെത്തിയത്. ബെൻഫിക്ക അക്കാദമി താരമായ സെൻറർ ബാക്ക് ആന്റോണിയോ സിൽവയും ഒപ്പമുണ്ടായിരുന്നു. 25 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ ബെൻഫിക്കയുടെ കുന്തമുനകളായ റാമോസിനെയും സിൽവയെയും സാന്റോസിന് അവഗണിക്കാനാകുമായിരുന്നില്ല. പി.എസ്.ജിയും യുവാൻറസുമുള്ള ചാമ്പ്യൻസ്‌ലീഗിലേക്ക് ടീം യോഗ്യത നേടുകയും ചെയ്തിരുന്നു.

പ്രീമിയറ ലീഗിൽ 14 ഗോളുകളാണ് താരം നേടിയിരുന്നത്. കഴിഞ്ഞ വേനൽ സീസണിൽ റാമോസിനെ പി.എസ്.ജി റാഞ്ചാനൊരുങ്ങിയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ മൂല്യം വർധിക്കുമെന്നുമാണ് ഫുട്‌ബോൾ നിരീക്ഷകർ പറയുന്നത്.

ഇന്ന് സ്വിറ്റ്‌സർലൻഡിനെതിരെ ഒന്നിനെതിരെ ആറു ഗോൾക്കാണ് പോർച്ചുഗൽ വിജയിച്ചത്. റാമോസിന്റെ ഹാട്രിക്കിന് പുറമേ നായകൻ പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്‌സർലൻഡിനായി ഒരു ഗോൾ നേടി.

ജാവോ ഫെലിക്‌സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ആദ്യ ഗോളടിച്ചത്. ഫെലിക്‌സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു. 51ാം മിനുട്ടിൽ ഡാലോട്ടിന്റെ പാസിലായിരുന്നു രണ്ടാം ഗോൾ. 67ാം മിനുട്ടിൽ റാമോസ് തന്റെ മൂന്നാം ഗോളടിച്ചു. റാഫേൽ 55ാം മിനുട്ടിലാണ് ഗോളടിച്ചത്. മത്സരത്തിലുടനീളം തിളങ്ങിയ ഗോൺസാലോ റാമോസായിരുന്നു അസിസ്റ്റ്. 32ാം മിനുട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപേ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം. സ്വിറ്റ്സർലൻഡിനായി അകുഞ്ചി ഗോൾ നേടിയത് 58ാം മിനുട്ടിലായിരുന്നു. 92ാം മിനുട്ടിൽ ഗ്വരീറോയായുടെ അസിസ്റ്റിലായിരുന്നു ലിയോയുടെ ഗോൾ.

73ാം മിനുട്ടിൽ ജാവോ ഫെലിക്‌സിനെ പിൻവലിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയെയിറക്കി. റാമോസിനെയും ഒട്ടാവിയയെയും പിൻവലിച്ച് റിക്കാർഡോ ഹോർതയെയും വിതിൻഹയെയും ഇറക്കി. 43ാം മിനുട്ടിൽ സ്വിറ്റ്‌സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്‌സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്. പിന്നീട് റൊണാൾഡോ ഒരുവട്ടം സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കൊടിയുയർന്നു.

2008ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂർണമെൻറിൽ ആദ്യ ഇലവനിൽ റൊണാൾഡോയില്ലാതെ പോർച്ചുഗൽ ഇറങ്ങിയത്. പോർച്ചുഗൽ 4-3-3 ഫോർമാറ്റിലും സിസ് പട 4-2-3-1 ഫോർമാറ്റിലുമാണ് കളിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30 മുതലാണ് മത്സരം.

29ാം മിനുട്ടിൽ സ്വിസ്സർലൻഡിന് ലഭിച്ച ഫ്രീകിക്ക് ഷാക്കിരിയാണെടുത്തത്. പക്ഷേ ഗോളി തട്ടിയകറ്റി.

പോർച്ചുഗൽ:

ഡിഗോ കോസ്റ്റ, ഡിഗോ ഡാലോട്ട്, റൂബെൻ ഡിയാസ്, പെപേ (ക്യാപ്റ്റൻ), റാഫേൽ ഗ്വറേറിയോ, ബെർണാഡോ സിൽവ, വില്യം കാർവൽഹോ, ഒടാവിയ, ബ്രൂണോ ഫെർണാണ്ടസ്, ജോ ഫെലിക്സ്, ഗോൺസാലോ റാമോസ്. കോച്ച് : ഫെർണാണ്ടോ സാന്റോസ്.

സ്വിറ്റ്സർലൻഡ്:

യാൻ സോമ്മെർ, എഡിമിൽസൺ ഫെർണാണ്ടസ്, മാന്വൽ അകൻഞ്ചി, റികാർഡോ റോഡിഗ്രസ്, ഫാബിയാൻ സാഞ്ചർ, റെമോ ഫ്രയിലെർ, ഗ്രാനിത് ഷാക്ക (ക്യാപ്റ്റൻ), ദിജിബ്രിൽ സോ, റൂബൻ വർഗാസ്, ഷർദാൻ ഷാഖിരി, ബ്രീൽ എംബോള. കോച്ച്: മുറാദ് യാകിൻ.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പ്രീക്വാർട്ടറിലേക്ക് പോർച്ചുഗൽ വന്നത്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ ഞെട്ടുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ മാത്രമെ പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നിട്ടുള്ളൂ. 1966ലും 2006ലുമായിരുന്നത്.

Who is Gonzalo Ramos

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News