ഒലെ മുതൽ സാവി വരെ, യുനൈറ്റഡിന്റെ രക്ഷകനാവാൻ ആര് അവതരിക്കും?
പതിനാല് മാസത്തിനൊടുവിൽ യുനൈറ്റഡ് പരിശീലക റോളിൽ നിന്നും റൂബൻ അമോറിം പടിയിറങ്ങിയതോടെ പുതിയൊരു പരിശീലകനെ തേടുകയാണ് ഇംഗ്ലീഷ് വമ്പന്മാർ. മുൻ താരം ഡാരൻ ഫ്ലെച്ചറിനാണ് നിലവിൽ താത്‌കാലിക പരിശീലകന്റെ ചുമതല നൽകിയിരിക്കുന്നത്. ഇംഗ്ലീഷ് ടീമുകളുടേത് ഉൾപ്പടെ നിലവിൽ യൂറോപ്പിലെ പല മുൻനിര ക്ലബുകളുടെയും ചുമതലയിലുള്ള പരിശീലകരെയടക്കം യുനൈറ്റഡ് കണ്ണ് വെച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഗാരി സൗത്ത്ഗേറ്റ്
മുൻ ഇംഗ്ലീഷ് ദേശീയ ടീം പരിശീലകൻ ഗാരി സൗത്ത്‌ഗേറ്റാണ് യുനൈറ്റഡിന്റെ പുതിയ പരിശീലകന്റെ ലിസ്റ്റിലെ പ്രധാന പേരുകളിൽ ഒന്ന്. 2006ൽ മിഡിൽസ്ബ്രോയിലൂടെ പരിശീലക റോളിലെത്തിയ സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് അണ്ടർ 21 ടീമിനൊപ്പവും പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2021ൽ യൂറോ കപ്പ് ഫൈനൽ കളിച്ച ഇംഗ്ലീഷ് ടീമിന്റെ പരിശീലകനായിരുന്ന സൗത്ത്‌ഗേറ്റ് കഴിഞ്ഞ രണ്ട് വർഷമായി മറ്റ് ചുമതലകളിൽ ഒന്നുമില്ല.
സാവി ഹെർണാണ്ടസ്
മുൻ ബാഴ്‌സ പരിശീലകൻ സാവി ഹെർണാണ്ടസും അമോറിമിന്റെ പകരക്കാരുടെ ലിസ്റ്റിലുണ്ട്. 2021 മുതൽ 2024 വരെ ബാഴ്‌സ പരിശീലകനായിരുന്ന സാവി, ടീമിനൊപ്പം ഒരു ലാലിഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ചെൽസിയുമായി ബന്ധപ്പെടുത്തിയും സാവിയുടെ പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹമോ, അടുത്ത വൃത്തങ്ങളോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
റോബർട്ടോ ഡി സെർബി
മാഴ്സെ പരിശീലകൻ റോബർട്ടോ ഡി സെർബിയയുടെ പേരും യുനൈറ്റഡിന്റെ ചുരുക്കപ്പട്ടികയിലുണ്ട്. 2013 മുതൽ പരിശീലക റോളിലുള്ള ഡി സെർബി, സാസോളോ, ഷാക്തർ, ബ്രൈറ്റൻ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ്. ബ്രൈറ്റനിനൊപ്പമുള്ള ഇംഗ്ലീഷ് ഫുട്‍ബോളിലെ പരിചയസമ്പത്ത് തന്നെയാണ് ഡി സെർബിയെ യുനൈറ്റഡ് പരിശീലക കുപ്പായത്തിലേക്ക് സ്വീകാര്യനാക്കുന്നത്. നേരത്തെ എൻസോ മരസകയുടെ പകരക്കാരന്റെ റോളിൽ വിളിയെത്തിയിരുന്നെങ്കിലും ഡി സെർബി നിരസിക്കുകയായിരുന്നു. നിലവിൽ 32 പോയിന്റുമായി ലീഗ് വണിൽ മൂന്നാം സ്ഥാനത്താണ്.
ഇവർക്ക് പുറമെ ചെൽസിയിൽ നിന്നും പുറത്താക്കപ്പെട്ട എൻസോ മരസ്കയുടെ പേരും പകരക്കാരുടെ പട്ടികയിൽ ഉയർന്ന് കേൾക്കുന്നുണ്ട്. പെപ് ഗാർഡിയോളയുടെ പിൻഗാമിയായി മരസ്ക അടുത്ത സീസണിൽ സിറ്റിയിൽ എത്തുമെന്ന തരത്തിൽ വാർത്തകൾ നേരത്തെ സജീവമായിരുന്നു, അതിനാൽ തന്നെ യുനൈറ്റഡിന്റെ ഓഫർ മരസ്ക നിരസിക്കാനാണ് സാധ്യത.
ടീമിന്റെ കെയർടേക്കർ റോൾ ഏറ്റെടുക്കാൻ സന്നദ്ധ അറിയിച്ച് മുൻ പരിശീലകൻ കൂടിയായ ഓലെ ഗുണ്ണാർ സോൾഷെയർ രംഗത്ത് വന്നിരുന്നു. 2018 മുതൽ 2021 വരെ മൂന്ന് വർഷത്തോളം ടീമിന്റെ മുഖ്യ പരിശീലകനായ ഓലയെ അടുത്തിടെ തുർക്കി ക്ലബ് ബെസിക്താസ് പുറത്താക്കിയിരുന്നു.