അന്ന് ജീവിക്കാന്‍ ഡെലിവറി ബോയായി; ഇന്ന് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ഡച്ച് പടയുടെ കുന്തമുന

എയ്ഡന്‍ മാര്‍ക്രമിന്‍റേതടക്കമുള്ള നിര്‍ണായക വിക്കറ്റുകളാണ് താരം മത്സരത്തില്‍ വീഴ്ത്തിയത്

Update: 2023-10-18 08:18 GMT
Advertising

അട്ടിമറികൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന കുഞ്ഞൻ ടീമുകൾ പല ലോകകപ്പുകളിലും വമ്പൻമാരുടെ വഴിമുടക്കികളാവാറാവുണ്ട്. ഒരാഴ്ചക്കിടെ ക്രിക്കറ്റ് ലോകകപ്പിൽ രണ്ട് വൻ അട്ടിമറികളാണ് നടന്നത്. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താൻ തകർത്തപ്പോൾ ലോകകപ്പിൽ വൻ വിജയങ്ങളുമായി കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ നെതർലാന്റ്‌സ് കഴിഞ്ഞ ദിവസം അട്ടിമറിച്ചു.

ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്‌സ്, ലോഗൻ വാൻബീക്ക്, വാൻഡെർമെർവ് എന്നിവരുടെ മിന്നും പ്രകടനത്തിന്റെ മികവിലാണ് ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട കളിക്കൂട്ടത്തെ ഡച്ചുപട തരിപ്പണമാക്കിയത്.  ഈ വിജയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഡച്ച് താരം പോൾ വാൻമീകറന്റെ ഒരു പഴയ പോസ്റ്റ് വൈറലായി. 2020 ൽ കോവിഡ് കാരണം ടി20 ലോകകപ്പ് മാറ്റിവച്ചപ്പോൾ ജീവിക്കാനായി ഊബർ ഈറ്റ്‌സിൽ ഡെലിവറി ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് വാൻമീകറന്‍ ഇട്ട പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തത്. ദേശീയ ടീമിനായി മറ്റ് മത്സരങ്ങളൊന്നുമില്ലാതിരുന്നതിനാൽ വരുമാന മാർഗം അടഞ്ഞെന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഡെലിവറി ജോലി ചെയ്യേണ്ടി വന്നെന്നും താരം പിന്നീട് പറഞ്ഞിരുന്നു.

മൂന്ന് വർഷങ്ങൾക്കിപ്പുറം ഓറഞ്ചു പട ചരിത്രം വിജയം കുറിക്കുമ്പോള്‍ ആ വിജയത്തിൽ വാൻമീകരനും നിർണ്ണായക പങ്കുണ്ട്. കളിയിൽ രണ്ട് വിക്കറ്റുകളാണ് താരം പിഴുതത്. അതും എയ്ഡന്‍ മാര്‍ക്രമിന്‍റേതടക്കമുള്ള നിര്‍ണായക വിക്കറ്റുകള്‍. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News