കോഹ്‍ലിയെ ചേർത്തുപിടിച്ച് ഗംഭീര്‍; മഞ്ഞുരുക്കത്തിന്‍റെ മനോഹര കാഴ്ച

മത്സരത്തിൽ ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് സമയത്താണ് ആരാധകരെ ആവേശത്തിലാക്കിയ സൗഹൃദക്കാഴ്ചക്ക്‌ ചിന്ന സ്വാമി സ്റ്റേഡിയം സാക്ഷിയായത്

Update: 2024-03-29 16:40 GMT
Advertising

ബംഗളൂരു: ചിന്ന സ്വാമി സ്‌റ്റേഡിയത്തിൽ കൊൽക്കത്ത ബംഗളൂരു പോരാട്ടം അരങ്ങേറുമ്പോൾ കോഹ്ലി-ഗംഭീർ പോരെന്നാണ് പലരും ഈ മത്സരത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്‍ററായിരിക്കേ മൈതാനത്ത് വച്ചരങ്ങേറിയൊരു പോരിനെ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു ആരാധകർ. വീണ്ടും കോഹ്ലിയും ഗംഭീറും നേർക്കു നേർ വരുമ്പോൾ മൈതാനത്ത് എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലായിരുന്നു അവര്‍.

എന്നാൽ മൈതാനത്ത് വീണ്ടുമൊരു പോര് പ്രതീക്ഷിച്ചെത്തിയവർക്ക് കോഹ്ലിയും ഗംഭീറും ചേർന്ന് സമ്മാനിച്ചത് മനോഹരമായൊരു സൗഹൃദക്കാഴ്ച. മത്സരത്തിൽ ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് സമയത്ത് മൈതാനത്തെത്തിയ ഗംഭീര്‍  കോഹ്‍ലിക്കടുത്തെത്തി താരത്തെ  ചേർത്തു പിടിച്ചു. ഇരുവരും കുശലം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. അർധ സെഞ്ച്വറിയ നേടി കോഹ്ലിയെ അഭിനന്ദിക്കാനും ഗംഭീര്‍ മറന്നില്ല. 

കോഹ്ലി തുടങ്ങി, കാര്‍ത്തിക് അവസാനിപ്പിച്ചു; ആര്‍.സി.ബിക്ക് മികച്ച സ്കോര്‍

വിരാട് കോഹ്ലി ഒരിക്കൽ കൂടി രക്ഷക വേഷത്തിൽ അവതരിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്‌കോർ. ബംഗളൂരു ചിന്നി സ്വാമി സ്റ്റേഡിയത്തില്‍ കോഹ്‍ലിയുടെ നിറഞ്ഞാട്ടം കണ്ട പോരാട്ടത്തില്‍ നിശ്ചിത 20 ഓവറിൽ ബംഗളൂരു 182 റൺസെടുത്തു. കോഹ്ലി പുറത്താവാതെ 83 റൺസെടുത്തു.

നേരത്തേ ടോസ് നേടിയ കൊൽക്കത്ത ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കി ഹർഷിത് റാണ കൊൽക്കത്തക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലൊന്നിച്ച കാമറൂൺ ഗ്രീനും കോഹ്ലിയും ചേർന്ന് ബംഗളൂരു സ്‌കോർബോർഡ് ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഒമ്പതാം ഓവറിൽ ആന്ദ്രേ റസൽ ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു. 22 പന്ത് നേരിട്ട ഗ്രീന്‍ 33 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെൽ കോഹ്ലിക്കൊപ്പം ചേർന്ന് ടീമിനെ ചുമലിലേറ്റി. 19 പന്തിൽ 28 റൺസെടുത്ത മാക്‌സ്‌വെല്ലിനെ സുനിൽ നരേൻ റിങ്കു സിങ്ങിനെ കയ്യിലെത്തിച്ചു. പിന്നീടെത്തിയ രജത് പഠീദാറിനും അനൂജ് റാവത്തിനും വലിയ സംഭാവനകളൊന്നും നൽകാനായില്ല. ഇരുവരും മൂന്ന് റൺസെടുത്ത് കൂടാരം കയറി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫിനിഷറുടെ റോളില്‍ മനോഹര പ്രകടനം കാഴ്ചവച്ച ദിനേശ് കാര്‍ത്തിക്ക് ഇക്കളിയിലും തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. എട്ട് പന്തിൽ നിന്ന് മൂന്ന് സിക്‌സുകളുടെ അകമ്പടിയോടെ 20 റൺസെടുത്ത കാർത്തിക്ക് ഇന്നിങ്‌സ് മനോഹരമായാണ് അവസാനിപ്പിച്ചത്. അവസാന പന്തില്‍ ഫിലിപ് സാള്‍ട്ട് കാര്‍ത്തിക്കിനെ റണ്ണൗട്ടാക്കി. 49 പന്തില്‍ നാല് സിക്സും നാല് ഫോറും സഹിതമാണ് കോഹ്ലി 83 റണ്‍സെടുത്തത്. കൊല്‍ക്കത്തക്കായി ഹര്‍ഷിത് റാണയും ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News