ന്യൂസിലന്‍ഡിന് ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ശ്രീലങ്ക ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്

Update: 2023-03-13 07:47 GMT
ഇന്ത്യന്‍ ടീം
Advertising

ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. അഞ്ചാം ദിവസം അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ മറികടന്നത്. 

പരമ്പര വൈറ്റ് വാഷ് ചെയ്താല്‍ മാത്രം ഫൈനലിലെത്താമായിരുന്ന ശ്രീലങ്ക ആകട്ടെ തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. 285 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിനെ കെയ്ന്‍ വില്യംസണിന്‍റെ അപരാജിത സെഞ്ച്വറി ഇന്നിങ്സാണ് കരകയറ്റിയത്. ഡാരില്‍ മിച്ചലും വില്യംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 142 റണ്‍സിന്‍റെ കൂട്ടുകെട്ടിലാണ് ന്യൂസിലന്‍ഡ് മത്സരം കൈക്കുമ്പിളിലാക്കിയത്. 

മിച്ചലിന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ കിവീസ് ബാറ്റര്‍മാര്‍ തുടരെ പുറത്തായെങ്കിലും വില്യംസണ്‍ ഒരറ്റത്ത് പാറ പോലെ ഉറച്ചുനിന്നു. ഇതിനിടെ റണ്‍റേറ്റും ഉയര്‍ന്നു വന്നു. ഒടുവില്‍ അവസാന ഓവറില്‍‌ എട്ട് റണ്‍സെടുത്താണ് ന്യൂസിലന്‍ഡ് വിജയതീരം തൊട്ടത്. അവസാന ഓവറിലെ നാലാം പന്ത് ബൌണ്ടറിയും അഞ്ചാം പന്ത് ഡോട് ബോളുമായതോടെ അവസാന പന്തില്‍ ഒരു റണ്‍സ് വേണമായിരുന്നു വിജയത്തിന്. ഒടുവില്‍ ആവേശത്തിന്‍റെ കൊടുമുടിയില്‍ നിന്ന് അവസാന ബോളില്‍ ബൈ റണ്‍സ് ഓടി വില്യംസണ്‍ ന്യൂസിലന്‍ഡിന് ജയം സമ്മാനിച്ചു.

ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിന് നിര്‍ണായക സംഭാവന നല്‍കിയ ഡാരില്‍ മിച്ചലാണ് കളിയിലെ താരം.

ശ്രീലങ്ക തോല്‍വി വഴങ്ങിയതോടെ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പായി. ശ്രീലങ്ക സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് ഉറപ്പായിരുന്നു. അതേസമയം ശ്രീലങ്കക്ക് രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഫൈനല്‍ ടിക്കറ്റ് കിട്ടുമായിരുന്നുള്ളൂ.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിലേക്ക്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിന്‍റെ അവാസന ദിവസമായ ഇന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ നേരിയ ലീഡ് നേടിയിട്ടുണ്ട്. ട്രാവിസ് ഹെഡും ലബുഷൈനും ചേര്‍ന്ന് 80 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം ഏറെക്കുറെ സമനിലയിലാകും എന്ന് ഉറപ്പാണ്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News