കട്ടക്ക് നിന്ന് റൂട്ടും, ബെയര്‍‌സ്റ്റോയും; ഇന്ത്യക്ക് തോൽവി, ഇംഗ്ലണ്ടിന് റെക്കോർഡ്

ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.

Update: 2022-07-05 11:33 GMT
Advertising

ഇന്ത്യയുടെ സര്‍വപ്രതീക്ഷകളെയും അടിച്ച് ബൌണ്ടറിക്ക് പുറത്തുകളഞ്ഞ് ജോ റൂട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും അശ്വമേധം. എഡ്ജ്ബാസ്റ്റണില്‍ വെച്ചുനടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര(2 - 2) സമനിലയിലാക്കി.

നാലാം ദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ഇരുവരും ചേര്‍ന്ന് ഇന്നത്തെ ആദ്യ സെഷനിലും തകര്‍ത്തടിക്കുകയായിരുന്നു. അഞ്ചാം ദിനം കളി തുടങ്ങി ആദ്യ സെഷനില്‍ തന്നെ ഇരുവരും സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ജോ റൂട്ട് 132 പന്തില്‍ തന്‍റെ 29 ആം സെഞ്ച്വറി കണ്ടത്തിയപ്പോള്‍ ബെയര്‍സ്റ്റോ 132പന്തില്‍ തന്‍റെ 11 ആം സെഞ്ച്വറി തികച്ചു.

നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലായിരുന്നു. ഏഴ് വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് ലക്ഷ്യത്തിലേക്ക് വേണ്ടത് വെറും 119 റൺസ് മാത്രമായിരുന്നു. നാലാം ഇന്നിങ്സില്‍ 378 എന്ന മികച്ച ടാര്‍ഗറ്റ് തന്നെയാണ് ഇന്ത്യ മുന്നോട്ടുവെച്ചതെങ്കിലും ഇംഗ്ലണ്ടിന്‍റെ ചേസിങ് അനായാസമാക്കിയത് ബാറ്റിങിലെ അവരുടെ പുതിയ ശൈലി തന്നെയാണ്.

ജയത്തോടെ നാലാം ഇന്നിങ്സില്‍ എഡ്ജ്ബാസ്റ്റണിലെ ഏറ്റവും വലിയ സ്കോര്‍ ചേസ് ചെയ്തു ജയിക്കുന്ന ടീമായി ഇംഗ്ലണ്ട് മാറി. ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ 208 റണ്‍സ് ചേസ് ചെയ്ത് വിജയിച്ചതാണ് ഇംഗ്ലണ്ടിന്‍റെ എഡ്ജ്ബാസ്റ്റണിലെ ഇതിനുമുമ്പുള്ള മികച്ച റെക്കോര്‍ഡ്.

ക്രിക്കറ്റ് ചരിത്രത്തില്‍ നാലാം ഇന്നിങ്സില്‍ ഏറ്റവുമധികം റണ്‍സ് ചേസ് ചെയ്തു ജയിക്കുന്ന ടീമുകളില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കെതിരെ 418 റണ്‍സ് ചേസ് ചെയ്ത് ജയിച്ച വെസ്റ്റിന്‍ഡീസ് ആണ് പട്ടികയില്‍ ഒന്നാമത്.

ജയത്തോടെ ഇംഗ്ലണ്ട് പരമ്പര( 2 - 2) സമനിലയിലാക്കി. അവസാന മത്സരത്തിൽ വിജയം മാത്രം മുന്നിൽ കണ്ട് ജസ്പ്രീത് ബുമ്രയും സംഘവും 378 റൺസിന്‍റെ കൂറ്റൻ ലക്ഷ്യമാണ് ബെൻ സ്റ്റോക്‌സിനും സംഘത്തിനും മുന്നിൽ ഉയർത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഋഷഭ് പന്തിന്‍റെയും, ചേതേശ്വർ പുജാരയുടെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് കുതിച്ചത്. ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞുകളിച്ച ഋഷഭ് പന്ത് രണ്ടാം ഇന്നിങ്‌സിലും തകർപ്പൻ ഫോം തുടർന്നപ്പോൾ ഇന്ത്യ അതിവേഗം ലീഡ് ഉയർത്തുകയായിരുന്നു.

എന്നാൽ പതിവ് ടെസ്റ്റ് ശൈലിയില്‍ നിന്ന് ഇംഗ്ലണ്ട് എത്രയോ മെച്ചപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ ഉയർത്തിയ ടോട്ടൽ ജയത്തിന് മതിയാകില്ലെന്ന് തെളിയിക്കുകയാണ് റൂട്ട്-ബെയർസ്‌റ്റോ സഖ്യം. ഇരുവരും ചേർന്ന് അനായാസമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News