''നിങ്ങളെപ്പോലെയല്ല, മറ്റുള്ളവരുടെ തോല്‍വിയില്‍ ഞങ്ങള്‍ സന്തോഷിക്കില്ല''; പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍

ടി20 ലോകകപ്പുകളിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Update: 2022-11-12 16:11 GMT
Advertising

ടി20 ലോകകപ്പ് സെമിയില്‍ പുറത്തായ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന് മറുപടിയുമായി ഇര്‍ഫാന്‍‌ പത്താന്‍. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെയായിരുന്നു പരിഹാസ ട്വീറ്റുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ട്വീറ്റ് ചെയ്യുന്നത്. ടി20 ലോകകപ്പുകളിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു ട്വീറ്റ്.

കഴിഞ്ഞ (2021) ടി20 ലോകകപ്പില്‍ പത്ത് വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ പത്ത് വിക്കറ്റ് പരാജയമാണ് വഴങ്ങിയത്. ഈ രണ്ട് പരാജയങ്ങളും ചേര്‍ത്തുവെച്ചായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന്‍റെ ട്വീറ്റ്. ഈ ടി20 ലോകകപ്പ് ഫൈനലില്‍ 152/0 ത്തിനും 170/0 ത്തിനും തോല്‍പ്പിച്ചവര്‍ തമ്മില്‍ ഏറ്റുമുട്ടുമെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ ട്വീറ്റിന് അതേനാണയത്തില്‍ മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി. നിങ്ങളും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റുള്ളവരുടെ തോല്‍വിയില്‍ ഞങ്ങള്‍ സന്തോഷിക്കില്ല എന്നതാണ്. പത്താന്‍ പറഞ്ഞു.

''ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങൾ സ്വയം സന്തുഷ്ടരാണ്, പക്ഷേ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കണമെങ്കില്‍ മറ്റുള്ളവർ വിഷമിക്കണം. അതുകൊണ്ടാണ് നിങ്ങളുടെ രാജ്യത്തിന്‍റെ ക്ഷേമത്തിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തത്". പാക് പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന് മറുപടിയായി ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

2021ല്‍ യു.എ.ഇയില്‍ വെച്ചുനടന്ന ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യ പാകിസ്താനോട് തോല്‍വി വഴങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് പാകിസ്താന്‍ മറികടന്നത്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് പാകിസ്താന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 152/0 എന്നതായിരുന്നു അന്നത്തെ പാകിസ്താന്‍റെ സ്കോര്‍.

ഇത്തവണത്തെ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യക്ക് പത്ത് വിക്കറ്റ് തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്.ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബട്‍ലറും അലക്സ് ഹെയില്‍സും ചേര്‍ന്ന് അനായാസം മറികടക്കുകയായിരുന്നു. 170/0 എന്നായിരുന്നു മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News