മാസ്റ്റര്‍ ക്ലാസ് കോഹ്‍ലി; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍
ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
ദുബൈ: ആസ്‌ത്രേലിയയെ നാല് വിക്കറ്റിന് തകർത്ത് ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിലേക്ക് ഇന്ത്യയുടെ രാജകീയ എൻട്രി. സൂപ്പർ താരം വിരാട് കോഹ്ലി 84 റൺസുമായി ചേസിങ്ങിന് നേതൃത്വം കൊടുത്തപ്പോൾ 11 പന്ത് ശേഷിക്കേയാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്. കോഹ്ലിക്കൊപ്പം ശ്രേയസ് അയ്യറും അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ രാഹുലും ഹർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യൻ വിജയത്തിന്റെ കടിഞ്ഞാണേന്തി. നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലൻ് പോരാട്ടത്തിൽ ജയിക്കുന്ന ടീമാവും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ ജയത്തോടെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ വേദി ദുബൈ തന്നെയാകുമെന്ന് ഉറപ്പായി.
മറുപടി ബാറ്റിങ്ങിൽ അഞ്ചാം ഓവറിൽ ശുഭ്മാൻ ഗില്ലിനേയും എട്ടാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയേയും നഷ്ടമായ ശേഷം കരുതലോടെയാണ് ഇന്ത്യ കളിച്ചത്. മൂന്നാം വിക്കറ്റിൽ കോഹ്ലിയും ശ്രേയസും ക്രീസിൽ നിലയുറപ്പിച്ചതോടെ ഓസീസിന്റെ കയ്യിൽ നിന്ന് വിജയം അകന്ന് തുടങ്ങി. ഇരുവരും ചേർന്ന് 91 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. 27ാം ഓവറിൽ അയ്യരെ നഷ്ടമായ ശേഷം ക്രീസിലെത്തിയവരൊക്കെ സ്‌കോർബോർഡിൽ അവരവരുടേതായ സംഭാവനകൾ ചേർത്തു. അക്‌സർ പട്ടേൽ 30 പന്തിൽ 27 റൺസെടുത്ത് മടങ്ങിയപ്പോൾ കോഹ്ലി 84 റൺസുമായി 43ാം ഓവറിൽ എല്ലിസിന്റെ പന്തിൽ വീണു.
പിന്നീട് ക്രീസലൊന്നിച്ച കെ.എൽ രാഹുലും ഹർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ വിജയതീരമണച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 34 റൺസാണ് ചേർത്തത്. ആദം സാമ്പ എറിഞ്ഞ 47ാം ഓവറിൽ തുടരെ രണ്ട് സിക്‌സുകൾ പറത്തിയ പാണ്ഡ്യ അതുവരെയുണ്ടായിരുന്ന സമ്മർദങ്ങളെ മുഴുവന്‍ ഗാലറിയിലെത്തിച്ചു. മാക്‌സ്‍വെല്‍ എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്തിനെ ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പറത്തി കെ.എൽ രാഹുൽ ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചു.
കളിയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റേയും അലക്‌സ് കാരിയുടേയും അർധ സെഞ്ച്വറികളുടെ മികവിലാണ് 264 റണ്‍സടിച്ചെടുത്തത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി.