കോമൺവെൽത്ത് ലോങ് ജംപില്‍ മലയാളി ചരിതം; എം. ശ്രീശങ്കറിന് വെള്ളി

പുരുഷ ലോങ്ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ആദ്യമായാണ്

Update: 2022-08-05 03:16 GMT
Editor : Lissy P | By : Web Desk
Advertising

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി.  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്. 8.08 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീശങ്കറിന് നൂലിഴ വ്യത്യാസത്തിലാണ് സ്വർണമെഡൽ നഷ്ടമായത്. 7.96 മീറ്റർ ദൂരം ചാടിയ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനവും നേടി.

ആദ്യ ശ്രമത്തിൽ മുഹമ്മദ് അനീസിന് പിഴച്ചപ്പോൾ മെഡൽ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കറിന് 7.6 മീറ്റർ ദൂരമാണ് കണ്ടെത്താനായത്. രണ്ടാം ശ്രമത്തിൽ മുരളി ശ്രീശങ്കർ നില മെച്ചപ്പെടുത്തി. എന്നാൽ ബഹമസിന്റെ ലൗവാൻ നൈൺ 8.8 മീറ്റർ കണ്ടെത്തിയതോടെ മത്സരത്തിന്റെ രൂപം മാറി.മൂന്നാം ശ്രമത്തിൽ ദൂരം മെച്ചപ്പെടുത്തിയെങ്കിലും എട്ട് മീറ്ററിലേക്ക് എത്താൻ ഇരു താരങ്ങൾക്കും കഴിഞ്ഞില്ല.

അഞ്ചാം ശ്രമത്തിൽ 8.08 മീറ്റർ ദൂരം ചാടി മുരളി ശ്രീശങ്കർ മെഡലുറപ്പിച്ചു. 1978ലെ വെങ്കലത്തിന് ശേഷം സ്വർണം പോലൊരു വെള്ളി മെഡൽ ഇന്ത്യക്ക് ശ്രീശങ്കറിനിലൂടെ നേടാനായി. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്‌ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.

സ്വർണം നേടിയ ബഹാമസിന്റെ ലൗവാൻ നൈൺ 8.08 മീറ്ററാണ് ചാടിയതെങ്കിലും അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച ദൂരം 7.98 മീറ്ററും ശ്രീശങ്കറിന്റേത് 7.84 മീറ്ററുമായിരുന്നു. ഇത് അന്തിമ ഫലം നിർണയിച്ചു. മെഡലിലേക്ക് എത്തിയില്ലെങ്കിലും യോഗ്യതാ റൗണ്ടിലെ എട്ടാം സ്ഥാനം 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തേക്ക് മെച്ചപ്പെടുത്താൻ മുഹമ്മദ് അനീസിന് സാധിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News