വില്യംസണോ അതോ മോർഗനോ? ആരാദ്യം ഫൈനലിലെത്തും? അബൂദബിയിൽ ആകാംക്ഷ

ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ടി20 കിരീടം കൂടി കൈവശപ്പെടുത്താൻ ഇതിലും നല്ല അവസരമില്ല. അവസാന മത്സരത്തിലെ സൗത്താഫ്രിക്കയോടുള്ള തോൽവിയൊഴിച്ചാൽ ടീം ഗംഭീര ഫോമിലാണ്.

Update: 2021-11-09 15:55 GMT
Editor : rishad | By : Web Desk
Advertising

ടി20 ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് അബൂദബിയിലാണ് മത്സരം. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ടി20 കിരീടം കൂടി കൈവശപ്പെടുത്താൻ ഇതിലും നല്ല അവസരമില്ല. അവസാന മത്സരത്തിലെ സൗത്താഫ്രിക്കയോടുള്ള തോൽവിയൊഴിച്ചാൽ ടീം ഗംഭീര ഫോമിലാണ്.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഓപ്പണർ ജെയ്സൺ റോയ് നാളെ കളിക്കില്ല. എങ്കിലും ജോസ് ബട്ട്ലറിനൊപ്പെം ഓപ്പണറാകാൻ ബെയർസ്റ്റോയും മാലനും ഒക്കെയുള്ളപ്പോൾ ഇംഗ്ലണ്ടിന് പേടിക്കേണ്ടതില്ല. ക്യാപ്റ്റൻ ഇയോൺ മോർഗന്റെ തന്ത്രങ്ങളൊക്കെയും ലക്ഷ്യം കാണുന്നുണ്ട്. ഓൾ റൗണ്ടർമാരും പേസ് നിരയുമൊക്കെ അവസരത്തിനൊത്തുയരുന്നതിനാൽ കിവീസിനെ തളയ്ക്കാനാകുമെന്നാണ് ഇംഗ്ലണ്ട് കരുതുന്നത്.

മറുവശത്ത് തുടർച്ചയായി നാല് വിജയം നേടിയാണ് ന്യൂസിലൻഡ് സെമിക്ക് ടിക്കറ്റ് എടുത്തത്. ഇതിൽ ഇന്ത്യക്കെതിരായ ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.  മോർഗന് ചെക്ക് വെയ്ക്കാൻ വില്യംസണുള്ളതും ന്യൂസിലൻഡിന് നേട്ടമാണ്. പന്തെടുക്കുന്നവരൊക്കെയും വിക്കറ്റ് എടുക്കുന്നതും ന്യൂസിലൻഡിന് മുൻതൂക്കം നൽകുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്മാർക്ക് കുട്ടിക്രിക്കറ്റിലും കിരീടം നേടാൻ ഇത് സുവർണാവസരമാണ്. 

സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നില്‍ നിന്നും ജേതാക്കളായി എന്നത് ഇംഗ്ലണ്ടിന് പ്ലസ് പോയിന്റാണ്. ആസ്‌ട്രേലിയ, സൗത്താഫ്രിക്ക, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

എന്നാല്‍ ആദ്യ കളിയില്‍ പാകിസ്താനോടു അഞ്ചു വിക്കറ്റിന്റെ പരാജയത്തോടെയാണ് കിവികള്‍ തുടങ്ങിയതെങ്കിലും അടുത്ത നാലു മല്‍സരങ്ങളിലും ജയിച്ച് സെമിയിലെത്തുകയായിരുന്നു. പാകിസ്താനെതിരായ പരാജയത്തിന്റെ ക്ഷീണം ന്യൂസിലാന്‍ഡ് തീര്‍ത്തത് ഇന്ത്യക്കെതിരേയായിരുന്നു. രണ്ടാമത്തെ കളിയില്‍ എട്ടു വിക്കറ്റിന് കിവികള്‍ ഇന്ത്യയെ പൂട്ടി. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സ്‌കോട്ട്‌ലാന്‍ഡിനെ 16 റണ്‍സിനും നമീബിയയെ 52 റണ്‍സിനും അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനും തുരത്തി ന്യൂസിലാന്‍ഡ് സെമിയിലെത്തുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News