ഗില്ലിന്റെ സെഞ്ച്വറിക്കായി രാഹുലിന്‍റെ 'ത്യാഗം' ; രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കർ
'ക്രിക്കറ്റ് ടീം ഗെയിമാണെന്ന കാര്യം മറന്നു പോവരുത്'
നാഗ്പൂർ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി നേടാൻ സഹായിച്ച് സ്വന്തം വിക്കറ്റ് കളഞ്ഞ് കുളിച്ച കെ.എൽ രാഹുലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഇത് ടീം ഗെയിമാണെന്ന കാര്യം മറന്നു പോവരുതെന്ന് ഗവാസ്‌കർ പറഞ്ഞു. ഇന്ത്യക്ക് ജയിക്കാൻ 28 റൺസ് വേണമെന്നിരിക്കെയാണ് കെ.എൽ രാഹുൽ ക്രീസിലെത്തുന്നത്.
81 റൺസുമായി ആ സമയം ബാറ്റ് വീശുകയായിരുന്ന ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി നേടാനായി സ്‌ട്രൈക്ക് കൈമാറാൻ ശ്രമിച്ച് കൊണ്ടിരുന്ന രാഹുൽ ആദിൽ റഷീദിന്റെ പന്തിൽ പുറത്തായി. പിന്നീടെത്തിയ ഹർദിക് പാണ്ഡ്യ സിക്‌സർ കൊണ്ട് തുടങ്ങിയതോടെ സമ്മർദത്തിലായ ഗിൽ തൊട്ടടുത്ത ഓവറിൽ റണ്ണുയർത്താനുള്ള ശ്രമത്തിനിടെ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെയാണ് രാഹുലിനെതിരെ കമന്ററി ബോക്‌സിലിരുന്ന് ഗവാസ്‌കർ വിമർശനമുയർത്തിയത്.
'രാഹുൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ മറന്നത് പോലെ തോന്നിയെനിക്ക്. തന്റെ പങ്കാളിക്ക് സെഞ്ച്വറി നേടിക്കൊടുക്കാൻ വേണ്ടിയാണ് അദ്ദേഹം അപ്പോൾ ബാറ്റ് വീശിയത്. എന്നിട്ട് ഒടുവില്‍ എന്താണ് സംഭവിച്ചത്? വിക്കറ്റ് തുലച്ചു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന കാര്യം മറക്കരുത്. ഇതിനി ആവർത്തിക്കരുത്''- ഗവാസ്‌കർ പറഞ്ഞു.
നാഗ്പൂർ ഏകദിനത്തിൽ ഇന്നലെ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ കുറിച്ചത്. ശ്രേയസ് അയ്യറും ശുഭ്മാൻ ഗില്ലും അക്‌സർ പട്ടേലും അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞ പോരാട്ടത്തിൽ 11 ഓവർ ബാക്കി നിൽക്കേയായിരുന്നു ഇന്ത്യൻ ജയം.