രക്ഷയില്ലാതെ മന്ഥാനയും കൂട്ടരും; ആര്‍.സി.ബിക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി

മലയാളി താരം ആശ ശോഭന റോയല്‍ ചലഞ്ചേഴ്സിനായി രണ്ട് വിക്കറ്റുകള്‍ നേടി.

Update: 2023-03-14 09:20 GMT
Advertising

വനിതാ പ്രീമിയര്‍ ലീഗില്‍ നിലംതൊടാതെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് കൂടി തോറ്റതോടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ബാംഗ്ലൂര്‍ വഴങ്ങിയത്. ലീഗില്‍ ഒരു കളി പോലും ജയിക്കാത്ത ഒരേയൊരു ടീമും ബാംഗ്ലൂര്‍ ആണ്.

ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സുമായി നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ബാംഗ്ലൂരിന് ഏറ്റുവാങ്ങേണ്ടി വന്നത്. ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഡല്‍ഹിയുടെ തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു ടീമിന്‍റെ അച്ചടക്കമുള്ള ബൌളിങ് പ്രകടനം. 15 പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. പിന്നീട് ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിയാതിരുന്നതാണ് ബാംഗ്ലൂരിന് വിനയായത്. 67 റണ്‍സുമായി എല്ലിസ് പെരിയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ താരം റിച്ച ഘോഷും റണ്‍സ് കണ്ടെത്തിയതോടെയാണ് ബാംഗ്ലൂര്‍ ഇന്നിങ്സ് 150 കടന്നത്. എല്ലിസ് പെരി 52 പന്തില്‍ പുറത്താകാതെ 67 റണ്‍സെടുത്തപ്പോള്‍ റിച്ച ഘോഷ് 16 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 150 റണ്‍സെടുത്തു. ശിഖ പാണ്ഡേയാണ് ബാംഗ്ലൂരിന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

മറുപടി ബാറ്റിങില്‍ ഷഫാലി വര്‍മയെ(0) തുടക്കത്തില്‍ തന്നെ മടക്കി മേഗന്‍ ഷൂട്ട് ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കിയെങ്കിലും ക്യാപിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ അത് പോരായിരുന്നു. 15 പന്തിൽ പുറത്താകാതെ 29 റൺസ് നേടിയ ജെസ്സ് ജോന്നാസന്‍ ആണ് അവസാന ഓവറുകളില്‍ ഡൽഹിയുടെ വിജയം പൂര്‍ത്തിയാക്കിയത്. അലിസ് കാപ്സേ(38), ജെമീമ റോഡ്രിഗസ്(32), മരിസാന്നേ കാപ്(32*) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. മലയാളി താരം ആശ ശോഭന റോയല്‍ ചലഞ്ചേഴ്സിനായി രണ്ട് വിക്കറ്റുകള്‍ നേടി.

 



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News