രാജകീയം... റയല്‍ തലപ്പത്ത്; ബാഴ്സയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.

Update: 2022-10-16 17:15 GMT
Advertising

ആരാധകര്‍ ഉറ്റുനോക്കിയ ചിരവൈരികളുടെ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മഡ്രിഡ്. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് റയലിന് 25 പോയിന്‍റും ഇത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് ബാഴ്സക്ക് 22 പോയിന്‍റുമാണുള്ളത്.

മാറ്റങ്ങളോടെയാണ് സാവി ഇന്ന് ടീമിനെ അണിനിരത്തിയത്. പിക്വേക് പകരം പരിക്ക് ഭേദമായ ജൂള്‍സ് കൗണ്ടേ ടീമിലെത്തിയപ്പോൾ ഡിയോങിനേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. റയലാകട്ടെ റൂഡിഗറെ സൈഡ് ബെഞ്ചിലിരുത്തിയാണ് പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.

12-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ 35-ാം മിനിറ്റില്‍ വെല്‍വെര്‍ദെ റയലിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബാഴ്സയുടെ തിരിച്ചടിക്ക് പക്ഷേ രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ഫെറാന്‍ ടോറസാണ് ബാഴ്സക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 83-ാം മിനിറ്റിലായിരുന്നു അത്. ടോറസ് ഒരു ഗോള്‍ തിരിച്ചടിച്ച് ബാഴ്‌സയ്ക്ക് ആശ്വാസം നല്‍കിയെങ്കിലും റയല്‍ മാഡ്രിഡ് കളി അവസാനിപ്പിച്ചിരുന്നില്ല.  കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ റയലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. 

പകരക്കാരനായി എത്തിയ റോഡ്രിഗോയെ എറിക് ഗർഷ്യ ബോക്സില്‍ ഫൗൾ ചെയ്തതിനായിരുന്നു റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. അതോടെ സമനില നേടാൻ ഉള്ള ബാഴ്‌സയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. കിക്കെടുത്ത റോഡ്രിഗോയ്ക്ക് പിഴച്ചില്ല. പന്ത് അനായാസം റോഡ്രിഗോ വലയിലെത്തിച്ചു. ജയത്തോടെ മാഡ്രിഡ് ലാലിഗ പോയിന്‍റ് ടേബിളില്‍ തലപ്പത്തെത്തി. ലാ ലിഗയില്‍ ഇതുവരെ 185 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അതില്‍ 77 തവണ റയല്‍ വിജയിച്ചപ്പോള്‍ ബാഴ്സയുടെ അക്കൌണ്ടില്‍ 73 വിജയങ്ങളാണുള്ളത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News