സഞ്ജു പടിക്കല്‍ കലമുടച്ചോ? ഏഷ്യാ കപ്പ് സാധ്യത ത്രിശങ്കുവില്‍

ഋഷഭ് പന്തുള്ള ടീമില്‍ സഞ്ജു സാംസണെ പരിഗണിക്കുകയാണെങ്കില്‍ തന്നെ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ആയിരിക്കും ഉള്‍പ്പെടുത്തുക. പക്ഷേ അവിടെയും കോമ്പറ്റീഷന്‍ ബാക്കി നില്‍പ്പുണ്ട്...

Update: 2022-08-08 06:11 GMT

ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ വെസ്റ്റിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയ സഞ്ജുവിന്‍റെ സാധ്യത മങ്ങിയോ...? സഞ്ജു പടിക്കല്‍ കലമുടച്ചോ...?. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവുധികം മലയാളി ക്രിക്കറ്റ് ആരാധകര്‍ പങ്കുവെക്കുന്ന ആശങ്കയാണിത്. വിന്‍ഡീസ് പര്യടനത്തില്‍ കിട്ടിയ ബാക്കി അവസരങ്ങളിലെല്ലാം മികച്ച രീതിയില്‍ ബാറ്റുവീശിയ സഞ്ജു അവസാന മത്സരത്തില്‍ 15 റണ്‍സ് മാത്രമെടുത്ത് ഒഡിയന്‍ സ്മിത്തിന്‍റെ പന്തില്‍ ബൌള്‍ഡാകുകയായിരുന്നു. 

അയര്‍ലന്‍ഡ് ടൂറിലും തുടര്‍ന്നുവന്ന വിന്‍ഡീസ് പര്യടനത്തിലും സഞ്ജുവിന് തിളങ്ങാനായി എന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഏകദിനത്തിലും ടി20 യിലും അര്‍ധ സെഞ്ച്വറികള്‍ കണ്ടെത്താനും സ്ട്രൈക് റേറ്റ് മികച്ച രീതിയില്‍ നിലനിര്‍ത്താനും സഞ്ജുവിനായിട്ടുണ്ട്. പക്ഷേ വിന്‍ഡീസുമായി നടന്ന അവസാന ടി20 യില്‍ 15 റണ്‍സ് മാത്രമെടുത്ത് ബൌള്‍ഡായി പോയത് മാത്രമാണ് അല്‍പമെങ്കിലും തിരിച്ചടിയായി മാറുമെന്ന് പറയാന്‍ കഴിയുന്നത്.

Advertising
Advertising

ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കും. ഋഷഭ് പന്തുള്ള ടീമില്‍ സഞ്ജു സാംസണെ പരിഗണിക്കുകയാണെങ്കില്‍ തന്നെ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ആയിരിക്കും ഉള്‍പ്പെടുത്തുക. പക്ഷേ അവിടെയും കോമ്പറ്റീഷന്‍ ബാക്കി നില്‍പ്പുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ ഇഷാന്‍ കിഷനോ...?. രണ്ടുപേരില്‍ ആരെങ്കിലുമൊരാള്‍ക്ക് മാത്രമേ ടീമില്‍ ഇടം ലഭിക്കുകയുള്ളൂ.

മാരക പ്രഹരശേഷിയുള്ള ഓപ്പണർ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്ററെ ഉള്‍പ്പെടുത്തണോ സ്ട്രോക് പ്ലേയും വമ്പൻ ഹിറ്റുകളും കളിക്കാന്‍ കഴിവുള്ള മധ്യനിര വിക്കറ്റ് കീപ്പര്‍ ബാറ്ററെ വേണോ എന്ന ചോദ്യമാകും സെലക്ടര്‍മാരെ കുഴപ്പിക്കുന്നത്. അതിന് അവര്‍ കണ്ടെത്തുന്ന ഉത്തരം പോലെയിരിക്കും സഞ്ജുവിന്‍റെ ഏഷ്യാ കപ്പ് സാധ്യതകള്‍. ഓപ്പണിങ് പൊസിഷനിലേക്ക് സെലക്ടര്‍മാരുടെ വിരല്‍ നീണ്ടാല്‍ ഇഷാൻ കിഷനു നറുക്കുവീഴും. മധ്യനിരയെ ബലപ്പെടുത്താനാണ് തീരുമാനമെങ്കില്‍ സഞ്ജു ടീമിലെത്തും. എന്തായാലും രണ്ടിലൊരാൾ പുറത്തിരിക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിരുത്താന്‍ സാധിക്കുക.

ടി20 ലോകകപ്പിനു മുന്നോടിയായി ട്വന്‍റി 20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബർ 11 വരെ നീളും. ദുബൈയിലും ഷാർജയിലുമായാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുക. ഏഷ്യാ കപ്പ് കഴിഞ്ഞാലുടന്‍ ടി20 ലോകകപ്പും വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന ടീമിനും, ലഭിച്ച അവസരം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ താരങ്ങള്‍ക്കും അത് വലിയ നേട്ടമാകും. ചേതൻ ശർമ അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റിയാകും ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിക്കുക.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News