'നിർത്തൂ... അയാൾ ഇന്ത്യൻ താരമാണ്'; ഹർദികിനെ കൂവിയ കാണികളോട് കോഹ്ലി

മൈതാനത്ത് ഹർദികിനായി ചാന്റുകൾ മുഴക്കിയ ആരാധകരെ കോഹ്ലി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു

Update: 2024-04-12 11:28 GMT

മുംബൈ: ഐ.പി.എൽ 17ാം സീസണിന് മുമ്പേ മുംബൈ ഇന്ത്യൻസിലെ നായകമാറ്റത്തിനെതിരെ ചൂടൻ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.  സീസണാരംഭിച്ച് മുംബൈയുടെ ആദ്യ മത്സരം മുതൽ ടീമിന്‍റെ പുതിയ നായകൻ ഹർദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്  ആരാധകർ. പലവുരു താരത്തിനെതിരെ മൈതാനങ്ങളിൽ ആരാധകർ കൂവിയാർത്തു. പലപ്പോഴും അത് രോഹിതിന് വേണ്ടിയുള്ള ചാന്റുകളായി മാറി. ആദ്യ മൂന്ന് മത്സരങ്ങളിൽ മുംബൈ പരാജയപ്പെട്ടതോടെ ഹർദികിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ഉയർന്നു.

എന്നാൽ വാംഖഡെയിൽ തുടർച്ചയായ രണ്ട് മത്സരങ്ങൾ വിജയിച്ച് മുംബൈ വിജയവഴിയിൽ തിരിച്ചെത്തി. എന്നാല്‍ ഇതൊന്നും ആരാധകരുടെ കണ്ണു തുറപ്പിച്ചില്ല. വാംഖഡെയിൽ വച്ചും ഹർദികിനെതിരെ കാണികൾ കൂവിയാർത്തു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആരംഭിച്ച കൂവലുകൾ ഇന്നലെ ആർ.സി.ബിക്കെതിരെയും തുടർന്നു. ഇപ്പോഴിതാ ഹർദികിനെതിരെ കൂവിയാർത്ത കാണികളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്ന ആർ.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Advertising
Advertising

ഹർദിക് ബാറ്റിങ്ങിനായി മൈതാനത്തെത്തിയപ്പോഴായിരുന്നു ആരാധകർ വീണ്ടും താരത്തിനെതിരെ കൂവിയത്. ബൗണ്ടറി ലൈനിൽ നിൽക്കുകയായിരുന്ന കോഹ്ലി ഇത് കണ്ട് ആരാധകരോട് ചാന്‍റുകള്‍ നിർത്താനാവാശ്യപ്പെട്ടു. ജേഴ്‌സി ചൂണ്ടിക്കാണിച്ച് അയാൾ ഇന്ത്യൻ താരമാണെന്നും അയാളെ പ്രോത്സാഹിപ്പിക്കൂ എന്ന് പറയുന്നതും കാണാം.

ഇതിനിടെ ഒരു കൂട്ടം ആരാധകർ ഹർദികിനായി ചാന്റുകൾ മുഴക്കി. അവരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു കോഹ്ലി. വാംഖഡെ ഇന്നലെ സാക്ഷിയായ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു ഇത്. മുംബൈയെ തകർപ്പൻ ഒരു സിക്‌സിലൂടെ ക്യാപ്റ്റൻ ഹർദിക് തന്നെയാണ് വിജയ തീരമണച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News