ആരാകും ലോകകപ്പിന്‍റെ താരം? പട്ടികയില്‍ മുന്നില്‍ കോഹ്ലിയും സൂര്യകുമാറും

ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവുമുള്‍പ്പെടെ എട്ട് താരങ്ങളാണ് അവസാന റൗണ്ടില്‍ മികച്ച താരത്തിനുള്ള പട്ടികയിലുള്ളത്

Update: 2022-11-12 14:32 GMT
Advertising

കുട്ടിക്രിക്കറ്റിന്‍റെ ലോകകപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനലോടെ പുതിയ ക്രിക്കറ്റ് ചാമ്പ്യന്മാര്‍ ലോകത്ത് പിറക്കും. ലോക ചാമ്പ്യന്മാര്‍ക്ക് പിന്നാലെ ലോകകപ്പിന്‍റെ താരത്തെയും തെരഞ്ഞെടുക്കും. പ്ലെയര്‍ ഓഫ് ടൂര്‍ണമെന്‍റ്  പുരസ്കാരത്തിനുള്ള പട്ടികയില്‍ ഐ.സി.സിയുടെ വോടട്ടെടുപ്പ് തുടരുകയാണ്.

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക

വിരാട് കോഹ്ലി

സൂര്യകുമാര്‍ യാദവ്

ഷദബ് ഖാന്‍

ഷഹീന്‍ അഫ്രീദി

സാം കറന്‍

ജോസ് ബട്‍ലര്‍

അലക്സ് ഹെയില്‍സ്

സിക്കന്ദര്‍ റാസ

വാനിന്ദു ഹസരങ്ക

ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവുമുള്‍പ്പെടെ എട്ട് താരങ്ങളാണ് അവസാന റൗണ്ടില്‍ മികച്ച താരത്തിനുള്ള പട്ടികയിലുള്ളത്. പാകിസ്താന്റെ ശദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ടിന്റെ സാം കറന്‍, ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

വോട്ടെടുപ്പിലൂടെയാണ് ടൂര്‍ണമെന്‍റിന്‍റെ താരത്തെ തെരഞ്ഞെടുക്കുന്നത്. ആരാധകര്‍ക്ക് അവരുടെ ഇഷ്ടതാരങ്ങള്‍ക്കുവേണ്ടി ഐ.സി.സി വെബ്‌സൈറ്റ് വഴി വോട്ട് ചെയ്യാം. നിലവിൽ ടൂര്‍ണമെന്‍റില്‍ മിന്നും ഫോമിലുണ്ടായിരുന്ന വിരാട് കോഹ്ലിക്ക് തന്നെയാണ് സാധ്യത കൂടുതല്‍. വിരാട് തന്നെയാണ് ടൂര്‍ണമെന്‍റിലെ ടോപ്സ്കോറര്‍. ആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സാണ് കോഹ്ലിയുടെ നേട്ടം. ഇതിൽ നാല് അര്‍ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

കോഹ്ലി കഴിഞ്ഞാല്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത് ഇന്ത്യയുടെ തന്നെ സൂര്യകുമാര്‍ യാദവിനാണ്. ആറ് മത്സരങ്ങളില്‍ നിന്നായി 59.75 ശരാശരിയില്‍ 239 റണ്‍സുമായി സൂര്യകുമാര്‍ റണ്‍വേട്ടയിലും മൂന്നാമതുണ്ട്. നിലവിലെ ലോക ഒന്നാം നമ്പര്‍ ടി 20 ബാറ്ററും കൂടിയാണ് സൂര്യകുമാര്‍ യാദവ്. ലോകകപ്പ് ഫൈനലിനുശേഷമാകും പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കുക.

ബൗളര്‍മാരിലേക്ക് വരുമ്പോള്‍ 15 വിക്കറ്റെടുത്ത ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് പട്ടികയില്‍ മുന്നില്‍. മികച്ച ഔള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത സിംബാബ്വേയുടെ സിക്കന്ദര്‍ റാസയ്ക്കും സാധ്യതയുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് 219 റണ്‍സും 10 വിക്കറ്റും താരം നേടിയിട്ടുണ്ട്.

കോഹ്ലിയെക്കാത്ത് റെക്കോര്‍ഡ് നേട്ടം

ഇത്തവണ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്‌കാരം നേടിയാല്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ നേട്ടമായിരിക്കും സ്വന്തമാകും. ടി 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം മൂന്ന് തവണ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. 2014ലും 2016ലും വിരാട് കോഹ്ലിയാണ് ലോകകപ്പിന്‍റെ താരമായത്. രണ്ട് തവണ ടി 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്കാരം സ്വന്തമാക്കിയ കോഹ്ലിയുടെ കൈയ്യില്‍ത്തന്നെയാണ് ഇപ്പോഴും റെക്കോര്‍ഡ്.

T20 World Cup 2022: Virat Kohli, Suryakumar Yadav among nominees for Player of Tournament award

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News