തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള തമിഴ് സ്നേഹം ജനങ്ങള്‍ക്ക് മനസ്സിലാകും: കമല്‍ ഹാസന്‍
'തമിഴ്നാട്ടുകാരെ വില്‍പ്പനക്ക് വെച്ചിട്ടില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വിൽപ്പനക്കില്ല'
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ഭാഷയോട് പെട്ടെന്ന് സ്നേഹമെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. തമിഴ് പഠിക്കാത്തതില്‍ ദുഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ പരാമര്‍ശത്തെ പരിഹസിച്ചാണ് കമല്‍ ഹാസന്‍ ഇങ്ങനെ പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പൊടുന്നനെ തമിഴ് സ്നേഹമുണ്ടാകുമ്പോള്‍ നമുക്ക് കാരണം മനസ്സിലാകുമല്ലോ. തമിഴില്‍ രണ്ട് വാക്ക് സംസാരിച്ചാല്‍ നമ്മളെല്ലാം അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്നാട്ടുകാരെ വില്‍പ്പനക്ക് വെച്ചിട്ടില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വിൽപ്പനക്കില്ല.കമൽ ഹാസൻ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാത്തതില്‍ ദുഖമുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്- 'ചില സാഹചര്യങ്ങളില്‍ ചില ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ലെന്ന്'.
234 അംഗ നിയമസഭയിലേക്ക് ഏപ്രില്‍ 6നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുക. എഐഎഡിഎംകെയും ബിജെപിയും സഖ്യമായി മത്സരിക്കുമ്പോള്‍ ഡിഎംകെയും കോണ്‍ഗ്രസും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മൂന്നാം മുന്നണിയുടെ സാധ്യതയാണ് മക്കള്‍ നീതിമയ്യം തേടുന്നതെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.
സ്ത്രീ സൗഹൃദ വാഗ്ദാനങ്ങളാണ് കമല്‍ ഹാസന്‍ മുന്നോട്ടുവെയ്ക്കുന്നത്. തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നൽകും, വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കും, പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യും, എല്ലാ വീട്ടമ്മമാർക്കും മാസശമ്പളം നൽകും തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.