യുവമോർച്ച നേതാവിന്റെ കൊലപാതകം; കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷം

കൊലപാതകത്തിൽ യുവനേതാക്കളുടെ രാജി തുടരുന്നു

Update: 2022-07-28 05:29 GMT

കർണാടക: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ കർണാടകയിൽ യുവനേതാക്കളുടെ രാജി തുടരുന്നു. പ്രവർത്തകരെ സംരക്ഷിക്കാൻ പാർട്ടിക്കും സർക്കാരിനും കഴിയുന്നില്ലെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. സംഭവത്തിൽ ആറുപേർ കൂടി ഇന്ന് പിടിയിലായതോടെ ആകെ പിടിയിലായവരുടെ എണ്ണം 21 ആയി.

സംഭവത്തിൽ ബിജെപി പ്രവർത്തകരുടെ സർക്കാരിനെതിരെയുള്ള വൻ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബസവരാജ് സർക്കാരിന്റെ വാർഷിക പരിപാടികൾ ഒഴിവാക്കി. ഓന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എല്ലാ പരിപാടികളും റദ്ദാക്കുന്നതായി ബൊമ്മൈ പ്രഖ്യാപിച്ചു.

കേസിന്റെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് കർണാടക പൊലീസിന്റെ നീക്കം. അതിനായി കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Advertising
Advertising

മൃതദേഹം കാണാനെത്തിയ ബി.ജെ.പി കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പിയുടെ വാഹനം ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ബെല്ലാരെയിലെത്തിയ മന്ത്രി സുനിൽകുമാർ, പുത്തൂർ എം.എൽ.എ സഞ്ജീവ മറ്റന്തൂർ എന്നിവർക്കെതിരെയും പ്രതിഷേധമുണ്ടായി. ബി ജെ.പി കാസർകോട് നഗരസഭ കൗൺസിലർ രമേശൻ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.

സുള്ള്യ ബെലാരെയ്ക്കടുത്ത് നെട്ടാരുവിൽ ചൊവ്വാഴ്ച രാത്രിയാണ് യുവമോർച്ച പ്രാദേശിക നേതാവായ പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അക്രമം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News