നട്ടെല്ലിലെ വളവ് ചികിത്സയിലൂടെ മാറ്റാം...
മുതുകിന്‍റെ തൊറാസിക്, ലംബാര്‍ എന്നി ഭാഗങ്ങളിലാണ് ഇതു സാധാരണയായി കണ്ടുവരുന്നത്
നട്ടെല്ലിനുണ്ടാകുന്ന വളവാണ് സ്‌കോളിയോസിസ് എന്ന പേരില്‍ അറിയപ്പെടുന്നത്. അസ്വാഭാവികമായ, നട്ടെല്ലിന്‍റെ വശങ്ങളിലേക്കുള്ള വളവ് ആണിത്. ഇതുമൂലം ഒരു വശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തന്‍മൂലം നടുഭാഗത്ത് ഒരുവശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്‍റെ വളര്‍ച്ച കൂടുന്നതിനനുസരിച്ച് വളവ് കൂടിവരുകയും കുനിയുമ്പോള്‍ നട്ടെല്ലിന്‍റെ ഉന്തിയഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാറുണ്ട്. മുതുകിന്‍റെ തൊറാസിക്, ലംബാര്‍ എന്നി ഭാഗങ്ങളിലാണ് ഇതു സാധാരണയായി കണ്ടുവരുന്നത്. അപൂര്‍വ്വമായി കഴുത്തിലും (സര്‍വൈക്കല്‍) ഇതുകണ്ടുവരുന്നു. ഒരേസമയത്ത് ഒന്നില്‍ കൂടുതല്‍ ഭാഗങ്ങളിലും അസുഖം ഉണ്ടാകാം.
കാരണങ്ങള്‍:
സ്കോളിയോസിസ് പ്രായമനുസരിച്ച് നാലു തരത്തില്‍ കണ്ടുവരുന്നുണ്ട്
1. നാലു വയസ്സില്‍ താഴെയുള്ള കുട്ടികളിലെ സ്കോളിയോസിസിന് ‘ഇന്‍ഫന്‍റൈന്‍ സ്കോളിയോസിസ്’ എന്നുപറയുന്നു.
2. നാലിനും 10-നും ഇടയില്‍ കാണുന്ന സ്കോളിയോസിസ് ‘ജുവനൈല്‍ സ്കോളിയോസിസ്’
3. 10 വയസ്സിന് മുകളിലുള്ള ‘അഡോളസെന്റ് ഇഡിയോപതിക് സ്കോളിയോസിസ്’ അഥവാ കൗമാരത്തിലെ സ്കോളിയോസിസ് എന്നറിയപ്പെടുന്നു
4. പ്രായപൂര്‍ത്തിയായ ആളുകളില്‍ കണ്ടുവരുന്ന സ്കോളിയോസിസ് (അഡല്‍റ്റ് സ്കോളിയോസിസ്)
ചികിത്സാരീതി
20 ഡിഗ്രിയിലും കുറവുള്ള അംഗവൈകല്യം മാത്രമെയുള്ളൂവെങ്കില്‍ ചികിത്സയുടെ ആവശ്യമില്ല. എങ്കിലും വളവ് എത്രത്തോളം കൂടുന്നുണ്ടെന്നു മനസ്സിലാക്കാന്‍ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 20-45 ഡിഗ്രിവരെയുള്ള നട്ടെല്ലിന്‍റെ വളവ് നിവര്‍ത്തുവാന്‍ ബ്രേസ് ഘടിപ്പിച്ചാല്‍ മതിയാകും. വളവ് ഏതുരീതിയില്‍ ഉള്ളതാണെന്നും എവിടെയാണെന്നുമുള്ളതനുസരിച്ചാണ് ബ്രേയ്‌സ് തിരഞ്ഞടുക്കുക. ബ്രേയ്‌സ് ധരിക്കുവാനുള്ള ഒരു ഉപാധി മാത്രമാണ്. അംഗവൈകല്യത്തെ എന്നന്നേക്കുമായി ശരിയാക്കുന്നില്ല. ഇതുഘടിപ്പിച്ച രോഗികളേയും വളവ് പുരോഗമിക്കുന്നുണ്ടോയെന്നറിയുവാന്‍ ക്യത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. 45 ഡിഗ്രിയില്‍ കൂടുതല്‍ നട്ടെല്ലിനു വളവുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വരും. ഇത്തരം ഘട്ടങ്ങളില്‍ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഹ്യദയത്തിന്‍റെയും ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
സ്കോളിയോസിസ് കറക്ഷനിലൂടെ വളവ് നിവര്‍ത്താവുന്നതാണ്. ഇതിനായി നട്ടെല്ലിന്‍റെ ഇരുവശങ്ങളിലും കൊളുത്തുകളുടേയും, ആണികളുടേയും സഹായത്തോടെ രണ്ടു ദണ്ഡുകള്‍ ഘടിപ്പിക്കുന്നു. ദണ്ഡുകള്‍ നട്ടെല്ലിനോടു കൂടിച്ചേരുവാനായി കുറച്ച് എല്ലുകഷ്ണങ്ങള്‍ ഉപയോഗിക്കുന്നു. എല്ലുകഷ്ണങ്ങള്‍ കശേരുക്കളുടെ ഇടയിലൂടെ വളര്‍ന്ന് നട്ടെല്ലിനെ നേരെയാക്കുകയും അവയ്ക്ക് ബലം നല്‍കുകയും ചെയ്യുന്നു. ഇതിനെ സ്‌പൈനല്‍ ഫ്യൂഷന്‍ എന്നു വിളിക്കുന്നു. എല്ലുകഷ്ണങ്ങള്‍ പൂര്‍ണ്ണമായി വളരുന്നതുവരെ നട്ടെല്ല് വീണ്ടും വളയാതിരിക്കാന്‍ ഒരുതാങ്ങ് ആവശ്യമാണ്. പുതുതായി ഘടിപ്പിച്ച ദണ്ഡുകള്‍ ഇതിനു സഹായിക്കുന്നു. എല്ലുകള്‍ വളര്‍ന്ന് കൂടിച്ചേരുന്നതുവരെ ഈ ദണ്ടുകള്‍ നട്ടെല്ലിനെ പിന്താങ്ങുന്നു.