ഗോരക്ഷകര്‍ മര്‍ദിച്ച മുസ്‌ലിം യുവാവിനെതിരെ കേസെടുത്ത് യു.പി പൊലീസ്

ഞായറാഴ്ചയാണ് മുറാദാബാദ് ജില്ലയില്‍ മാംസവ്യാപാരിയായ മുഹമ്മദ് ശാക്കിര്‍ എന്ന യുവാവിനെ ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ മര്‍ദിച്ചത്.

Update: 2021-05-24 09:05 GMT

ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവരുടെ മര്‍ദനത്തിനിരയായ മുസ്‌ലിം യുവാവിനെതിരെ കേസെടുത്ത് യു.പി പൊലീസ്. ഞായറാഴ്ചയാണ് മുറാദാബാദ് ജില്ലയില്‍ മാംസവ്യാപാരിയായ മുഹമ്മദ് ശാക്കിര്‍ എന്ന യുവാവിനെ ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ മര്‍ദിച്ചത്. 50 കിലോ പൊത്തിറച്ചിയുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന ശാക്കിറിനെ മനോജ് താക്കൂര്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരൂ കൂട്ടം ആളുകള്‍ തടഞ്ഞ് അമ്പതിനായിരം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ശാക്കിര്‍ പണം നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മനോജ് താക്കൂര്‍ ലാത്തികൊണ്ട് ശാക്കിറിനെ അടിക്കുകയായിരുന്നു. ശാക്കിര്‍ നിലത്ത് വീഴുന്നത് വരെ മര്‍ദനം തുടര്‍ന്നു.

Advertising
Advertising

യുവാവിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് മര്‍ദിച്ചവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനത്തിനിരയായ യുവാവിനെതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശാക്കിറിനെതിരെ കേസെടുത്തത്. ശാക്കിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡി.വൈ.എസ്.പി പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ ജയിലിലടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമര്‍ദനത്തിനിരയായ ശാക്കിറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. അദ്ദേഹത്തെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയ മനോജ് താക്കൂറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മറ്റു നാലുപേരെ അറസ്റ്റ് ചെയ്തതായി മുറാദാബാദ് പൊലീസ് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News