ബാങ്കോക്കിൽ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുവീഴ്ന്നു; വാഹനങ്ങളെ വിഴുങ്ങി അഗാധ ഗര്‍ത്തം

അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബാങ്കോക്ക് ഗവർണർ ചാഡ്ചാർട്ട് സിറ്റിപണ്ട് പറഞ്ഞു

Update: 2025-09-25 02:51 GMT
Editor : Jaisy Thomas | By : Web Desk

ബാങ്കോക്ക്: ബാങ്കോക്കിൽ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുതാഴ്ന്നു അഗാധ ഗര്‍ത്തം രൂപപ്പെട്ടു. ഡുസിറ്റ് ജില്ലയിലെ സാംസെൻ റോഡാണ് ഇടിഞ്ഞത്. 50 മീറ്റര്‍ ആഴമുള്ള കൂറ്റൻ സിങ്ക് ഹോൾ രൂപപ്പെട്ടത് മൂലം വജിറ ആശുപത്രിക്ക് സമീപമുള്ള പ്രദേശത്തെ ഗതാഗതം തടസ്സപ്പെടുത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് റോഡ് തകർന്നതെന്ന് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ (ബിഎംഎ) അറിയിച്ചു.

അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബാങ്കോക്ക് ഗവർണർ ചാഡ്ചാർട്ട് സിറ്റിപണ്ട് പറഞ്ഞു. ഭൂഗർഭ റെയിൽവെ സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ മൂലമാണ് റോഡ് തകര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് ഇടിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി വൈദ്യുതി തൂണുകൾ ഇടിഞ്ഞുവീഴുകയും ജലവിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Advertising
Advertising

രണ്ട് ദിവസത്തേക്ക് ഔട്ട്പേഷ്യന്‍റ് സേവനങ്ങൾ അടച്ചിടുമെന്ന് സമീപത്തുള്ള ഒരു ആശുപത്രി അറിയിച്ചു. ആശുപത്രി കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബാങ്കോക്ക് നഗര അധികൃതർ പറഞ്ഞു. എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്നും സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു.

പ്രദേശത്ത് വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴ കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കകൾക്കിടയിൽ, കഴിയുന്നത്ര വേഗത്തിൽ ഗര്‍ത്തം മൂടാൻ ബന്ധപ്പെട്ട അധികാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചാഡ്ചാർട്ട്സ് പറഞ്ഞു. ബാങ്കോക്കിൽ നിലവിൽ മഴക്കാലമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News