Writer - രാഗേന്ദു പി.ആർ
Web Journalist
വാഷിങ്ടണ്‍: ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം സ്വന്തമാക്കാതിരിക്കാന്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഇറാന്‍ യുദ്ധം വിലക്കയറ്റുമുണ്ടാക്കിയെന്നത് ഒരു പരിധിവരെ ശരിയാണ്. താന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ജയിച്ചിരുന്നേനെ എന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെങ്കിലും ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനമുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ യുദ്ധമാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും പ്രതികരിച്ചു.
യുഎസ് കോൺഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷം തിരിച്ചുപിടിച്ചായിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം. ഈ തോൽവി യുദ്ധത്തിന്റെ പേരില്‍ അമേരിക്കന്‍ ജനത നല്‍കിയ തിരിച്ചടിയാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാജയത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ ഭിന്നതയും രൂക്ഷമാവുകയാണ്.
ട്രംപിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും അന്വേഷണങ്ങളും ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിയെ തുടര്‍ന്ന് ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ രാജിവെച്ചു. ഇതിനിടെ, ആഗോള എണ്ണവിലയില്‍ വന്‍ ഇടിവും രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ക്രൂഡ് ഓയില്‍ വില ഒമ്പത് ഡോളര്‍ ഇടിഞ്ഞ് എണ്ണവില ബാരലിന് 93 ഡോളറിലെത്തി.