ലോകം ഇറാനിലേക്ക് നോക്കുമ്പോള്‍ ഇസ്രായേല്‍ ലബനനില്‍ ചെയ്യുന്ന ക്രൂരത കാണാതെപോകരുത് : ബേണി സാന്‍ഡേഴ്‌സ്

ഇസ്രായേലിന് യുഎസ് സൈനികസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Update: 2026-04-07 10:40 GMT

വാഷിങ്ടണ്‍ ഡിസി: ഇറാനിലെ ആക്രമണങ്ങളിലേക്ക് ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇസ്രായേല്‍ ലബനനില്‍ ചെയ്യുന്ന ക്രൂരത കാണാതെപോകരുതെന്ന് മുതിര്‍ന്ന യുഎസ് സെനറ്ററും ട്രംപിന്റെ വിമര്‍ശകനുമായ ബേണി സാന്‍ഡേഴ്‌സ്. 1461 പേരെയാണ് ഇസ്രായേല്‍ ലബനനില്‍ കൊലപ്പെടുത്തിയത്. 4430 പേര്‍ക്കാണ് പരിക്കേറ്റത്. 1.2 ദശലക്ഷം ജനങ്ങള്‍ക്കാണ് തെരുവിലിറങ്ങേണ്ടിവന്നത്. ലബനന്റെ 14 ശതമാനം ഭൂപ്രദേശവും ഇസ്രായേല്‍ കയ്യേറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് യുഎസ് സൈനികസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ ഭാഗമായാണ് ഇസ്രായേല്‍ ലബനനെയും ആക്രമിച്ചത്. വന്‍തോതിലുള്ള ആള്‍നാശവും നാശനഷ്ടവുമാണ് ലബനനിലുണ്ടായത്. ആയിരക്കണക്കിന് സാധാരണക്കാര്‍ക്കാണ് വീടുവിട്ടിറങ്ങേണ്ടിവന്നത്. പടിഞ്ഞാറന്‍ ലബനനിലെ പല നഗരങ്ങളും ഇസ്രായേല്‍ തകര്‍ത്തുകഴിഞ്ഞു. തലസ്ഥാനമായ ബൈറൂത്തിലും വ്യാപകമായ ആക്രമണമാണ് തുടരുന്നത്.

താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ, ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങള്‍ക്കും പാലങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്.

താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം ഇന്നലെയാണ് ഇറാന്‍ നിരസിച്ചത്. തങ്ങളുടെ പ്രതികരണം മധ്യസ്ഥ ഇടപെടല്‍ നടത്തുന്ന പാകിസ്താന് ഇറാന്‍ ഔദ്യോഗികമായി കൈമാറിയിരുന്നു. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചത്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് ഇറാന്റെ നിര്‍ദേശങ്ങള്‍.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News