ഇറാൻ വെടിവെച്ചിട്ട എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിലെ കാണാതായ അമേരിക്കൻ സൈനികനെ യുഎസ് സേന വിജയകരമായി രക്ഷപ്പെടുത്തി. ഇറാന്റെ അതിർത്തിക്കുള്ളിൽ, പർവ്വതനിരകളിൽ അകപ്പെട്ടുപോയ സൈനികനെ സാഹസികമായാണ് യുഎസ് സേന തിരികെയെത്തിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ലോകശ്രദ്ധ നേടിയ ഈ രക്ഷാദൗത്യം എങ്ങനെയാണ് നടന്നതെന്നാണ് ഇപ്പോൾ ചർച്ചയാവുന്നത്.
എന്താണ് സംഭവിച്ചത്?
വെള്ളിയാഴ്ചയാണ് തെക്കൻ ഇറാന് മുകളിലൂടെ പറക്കുകയായിരുന്ന അമേരിക്കയുടെ അത്യാധുനിക എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ ഇജക്ട് ചെയ്ത് പുറത്തുചാടി. ഇതിൽ പൈലറ്റിനെ അമേരിക്കൻ സേന അപ്പോൾത്തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ വിമാനത്തിലെ വെപ്പൺ സിസ്റ്റംസ് ഓഫീസറായ രണ്ടാമത്തെ ഉദ്യോഗസ്ഥൻ ഇറാനിലെ ഒറ്റപ്പെട്ട പർവ്വതനിരകളിൽ അകപ്പെട്ടുപോവുകയായിരുന്നു.
രക്ഷാദൗത്യം നടന്നത് എങ്ങനെ?
രണ്ട് ദിവസത്തോളം ഇറാനിയൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന ഈ ഉദ്യോഗസ്ഥനെ കണ്ടെത്താൻ അമേരിക്ക വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഏഴ് മണിക്കൂറോളം നീണ്ടുനിന്ന ഈ ഓപ്പറേഷൻ രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. ഒടുവിൽ പകൽ വെളിച്ചത്തിലാണ് രണ്ടാമത്തെ റെയ്ഡിലൂടെ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹം ഒരു 'കേണൽ' ആണെന്നും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഡസൻ കണക്കിന് പോർവിമാനങ്ങളാണ് ഇതിനായി അമേരിക്ക അയച്ചത്. കൊഹ്ഗിലുയെഹ്, ബോയർ-അഹ്മദ് (Kohgiluyeh and Boyer-Ahmad) പ്രവിശ്യയിൽ വെച്ച് അമേരിക്കൻ സേനയും ഇറാൻ സേനയും തമ്മിൽ കനത്ത വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
കാണാതായ എയർഫോഴ്സ് കേണലിനെ കണ്ടെത്താനായി 150ലധികം വിമാനങ്ങളും 200ഓളം വെടിക്കോപ്പുകളും ഉപയോഗിച്ചുള്ള വൻ സന്നാഹമാണ് അമേരിക്ക ഒരുക്കിയത്. 50 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിൽ 339 വെടിക്കോപ്പുകൾ യുഎസ് സൈന്യം പ്രയോഗിച്ചു. ഇറാൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായി വിവിധ ഇടങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയാണ് യുഎസ് സൈന്യം രക്ഷാപ്രവർത്തനം നടത്തിയത്. ഒരു ഘട്ടത്തിൽ 100ഓളം പേരുടെ ജീവൻ അപകടത്തിലായേക്കാവുന്ന അത്യന്തം അപകടകരമായ ദൗത്യമായിരുന്നു ഇതെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ പ്രത്യേക സേന പൈലറ്റിനെ കണ്ടെത്തുകയും സുരക്ഷിതമായി കുവൈത്തിലെ സൈനിക താവളത്തിൽ എത്തിക്കുകയും ചെയ്തു.
സ്വന്തം വിമാനങ്ങൾ അമേരിക്ക തകർത്തതെന്തിന്?
രക്ഷാപ്രവർത്തനത്തിനിടെ അമേരിക്കൻ സൈന്യം തങ്ങളുടെ സ്വന്തം രണ്ട് സി-130 (C-130) ചരക്ക് വിമാനങ്ങൾ ബോംബിട്ട് തകർത്തതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഈ അത്യാധുനിക വിമാനങ്ങൾ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ വേണ്ടിയാണ് നിലത്തുവെച്ചുതന്നെ അവ അമേരിക്കൻ സൈന്യം നശിപ്പിച്ചത്. അതേസമയം, ഓപ്പറേഷനിടെ രണ്ട് സി-130 വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തങ്ങളാണ് വെടിവെച്ചിട്ടതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടിട്ടുണ്ട്.
യുഎസ് സേനക്ക് സംഭവിച്ച മറ്റ് നഷ്ടങ്ങൾ
ഫെബ്രുവരി 28ന് തുടങ്ങിയ ഈ യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ ഒരു അമേരിക്കൻ സൈനികനെപ്പോലും ഇറാൻ തടവുകാരായി പിടിച്ചിട്ടില്ല. ഈ സംഭവത്തിന് മുൻപ് അബദ്ധത്തിൽ സ്വന്തം സേനയുടെ വെടിയേറ്റ് അമേരിക്കയുടെ മൂന്ന് എഫ്-15 വിമാനങ്ങൾ തകർന്നിരുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിന് സമീപം ഒരു എ-10 യുദ്ധവിമാനത്തിനും വെടിയേറ്റിരുന്നു.