ഇറാൻ്റെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ വീണ്ടും ഇസ്രായേല്‍-യുഎസ് ആക്രമണം

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ട്രംപ് നല്‍കിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ആക്രമണം

Update: 2026-04-07 12:40 GMT

തെഹ്‌റാന്‍: ഇറാന്റെ തന്ത്രപ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ട്രംപ് നല്‍കിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗ് ദ്വീപിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിലും ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കനത്ത ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. താമസകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിലെ ഖൊറാമാബാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഇറാനിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്കും റെയില്‍ ശൃംഖലക്കും നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ പലയിടത്തും ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി.

Advertising
Advertising

ഇന്ന് രാവിലെ മാത്രം 17 സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇറാനില്‍ ആക്രമണമുണ്ടായത്. സാധാരണക്കാര്‍ക്ക് നേരെയുള്ള ഈ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഇറാനിയന്‍ റെഡ് ക്രെസന്റ് ആരോപിച്ചു. അതേസമയം, തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിറാസ് പെട്രോക്കെമിക്കല്‍ കോംപ്ലക്‌സിന് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.

താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ, ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങള്‍ക്കും പാലങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്.

താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം ഇന്നലെയാണ് ഇറാന്‍ നിരസിച്ചത്. തങ്ങളുടെ പ്രതികരണം മധ്യസ്ഥ ഇടപെടല്‍ നടത്തുന്ന പാകിസ്താന് ഇറാന്‍ ഔദ്യോഗികമായി കൈമാറിയിരുന്നു. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചത്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് ഇറാന്റെ നിര്‍ദേശങ്ങള്‍.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News