ഗസ്സയിൽ ഹമാസ് പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
സൈനിക ടാങ്കിന് നേർക്ക് എറിഞ്ഞ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് 4 പേരും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സേനാ വക്താവ് അറിയിച്ചു
തെൽ അവിവ്: വടക്കൻ ഗസ്സയിലെ റിദ്വാനിൽ ഹമാസ് സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഹമാസ് പോരാളികൾ സൈനിക ടാങ്കിന് നേർക്ക് എറിഞ്ഞ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് 4 പേരും കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സേനാ വക്താവ് അറിയിച്ചു.
ടെൽ മോണ്ടിൽ നിന്നുള്ള സ്റ്റാഫ്-സർജന്‍റ് ഉറി ലാമെഡ് (20), കിബ്ബറ്റ്സ് അഫിക്കിമിൽ സർജന്റ് ഗാഡി കോട്ടൽ(20) മോഡി'ഇൻ-മക്കാബിം-റൂട്ടിൽ നിന്നുള്ള സർജന്‍റ് അമിത് ആര്യ റെഗെവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. ഐഡിഎഫിന്‍റെ പോസ്റ്റിന് സമീപം പ്രതിരോധ സ്ഥാനത്താണ് ടാങ്ക് നിലയുറപ്പിച്ചിരുന്നത്. ടാങ്കിനടുത്തെത്തിയ ഹമാസ് പോരാളികൾ ക്രൂവിന് നേരെ വെടിയുതിര്‍ക്കുകയും ഒരു സ്ഫോടക വസ്തു ടാങ്കിനുള്ളിലേക്ക് എറിഞ്ഞതായും ജറുസലെം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പിൽ നഹൽ ബ്രിഗേഡിലെ ഒരു സൈനികന് പരിക്കേറ്റു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 904 ആയി.
അതേസമയം ഗസ്സ സിറ്റി പിടിച്ചെടുക്കാൻ വ്യോമാക്രമണത്തിനു പിന്നാലെ ശക്തമായ കരയുദ്ധവും ആരംഭിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. എത്രയുംവേഗം ഗസ്സയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഫലസ്തീനികളോട് ആവശ്യപ്പെട്ടു.തെക്കൻ ഗസ്സയിലെ മവാസിയിലേക്ക് മാറണമെന്നാണ് ഇസ്രായേൽ നിർദേശം. ഇവിടെയും ആക്രമണം വ്യാപകമാണ്. ഗസ്സ സിറ്റിയിൽ ഇന്നലെ ഒരു 12 നില കെട്ടിടം കൂടി സേന തകർത്തു. കെട്ടിടമൊഴിയാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി 90 മിനിറ്റിനകമാണ് ബോംബറുകൾ നഗരത്തിലെ പ്രധാന കെട്ടിടം തകർത്തത്. ഇതോടെ, ദിവസങ്ങൾക്കിടെ ഗസ്സ സിറ്റിയിൽ മാത്രം ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ എണ്ണം 50 ആയി.
52 പേരാണ് ഇന്നലെ മാത്രം കൊല്ലപെട്ടത്. അധിനിവിഷ്ട ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രായേലികൾ കൊല്ലപ്പെടുകയും നാൽപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഇസ്രായേലിനെ ഞെട്ടിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.തിങ്കളാഴ്ച ജറൂസലേമിലെ റാമോത്ത് ജംഗ്ഷനിലായിരുന്നു വെടിവെപ്പ്. സംഭവത്തെ തുടർന്ന് ജെനിൻ ഉപ്പെടെ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേനയുടെ മേൽനോട്ടത്തിൽ വ്യാപക അറസ്റ്റും മർദന നടപടികളും തുടരുകയാണ്.