ഗസ്സയിലെ വെടിനിര്‍ത്തല്‍: ജോര്‍ദാനില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ നേതൃത്വത്തിലാണ് ചര്‍ച്ച

Update: 2024-01-10 10:47 GMT
Advertising

ഗസ്സയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അയല്‍ രാജ്യമായ ജോര്‍ദാനിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നിര്‍ണായക ചര്‍ച്ച നടക്കും. തുറമുഖ നഗരമായ അഖബയില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സിസി, ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് എന്നിവര്‍ പങ്കെടുക്കും.

ഗസ്സയിലെ അപകടകരമായ സംഭവവികാസങ്ങളും വെസ്റ്റ് ബാങ്കിലെ സ്ഥിതിയും യോഗം ചര്‍ച്ച ചെയ്യും. ഗസ്സയില്‍ ഇസ്രായേലിനെ അടിയന്തര വെടിനിര്‍ത്തലിന് പ്രേരിപ്പിക്കാനും മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യാനും അറബ് രാജ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടിയെന്ന് ജോര്‍ദാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പര്യടനത്തിനിടെയാണ് ബുധനാഴ്ച ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ ദിവസം ആന്റണി ബ്ലിങ്കന്‍ ജോര്‍ദാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗസ്സയിലെ യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അബ്ദുല്ല രണ്ടാമന്‍ ബ്ലിങ്കന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഗസ്സയില്‍നിന്നും വെസ്റ്റ് ബാങ്കില്‍നിന്നും ഫലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയിറക്കാനുള്ള ഇസ്രായേല്‍ പദ്ധതിക്കെതിരെയും ജോര്‍ദാന്‍ മുന്നറിയിപ്പ് നല്‍കി. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ്. ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും വേര്‍തിരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News