Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo|Special Arrangement
ഗസ്സ സിറ്റി: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ബന്ദികൈമാറ്റം ഉള്‍പ്പടെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറിയ പ്രതികരണത്തില്‍ ഹമാസ് അറിയിച്ചു.
ഹമാസ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. ഹമാസിന്റെ പ്രതികരണം ഉള്‍പ്പടുന്ന പ്രസ്താവന തന്റെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യാനും ട്രംപ് മറന്നില്ല. ഖത്തറും ഈജിപ്തും ഹമാസ് നിലപാടിനെ സ്വാഗതം ചെയ്തു. ആശ്വാസകരമായ വാര്‍ത്തയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു.
ജീവനോടെയും അല്ലാതെയുമുള്ള ബന്ദികളുടെ കൈമാറ്റത്തിന് തയാറണെന്ന് പ്രതികരണത്തില്‍ ഹമാസ് പറഞ്ഞു. എന്നാല്‍ ആക്രമണം നിര്‍ത്തി യുദ്ധഭൂമിയിലെ സ്ഥിതി ബന്ദികളുടെ കൈമാറ്റത്തിന് അനുകൂലമാകേണ്ടതുണ്ടെന്ന് പ്രതികരണത്തില്‍ ഹമാസ് വ്യക്തമാക്കി. ഇരുപതിന പദ്ധതിയിലെ പല കാര്യങ്ങളിലും ചര്‍ച്ച അനിവാര്യമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.
യുദ്ധാനന്തര ഗസ്സയുടെ ഭാവി, ബദല്‍ ഭരണ സംവിധാനം, നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മധ്യസ്ഥ രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ തുറന്ന ചര്‍ച്ചക്ക് വഴിയൊരുക്കണമെന്നും പ്രതികരണത്തില്‍ ഹമാസ് വിശദീകരിച്ചു. സ്വതന്ത്ര ഫലസ്തീന്‍ ദേശീയ സമിതിയാണ് ഗസ്സയുടെ ഭാവി നിര്‍ണയിക്കേണ്ടത്. ഗസ്സ ഭരണം ആ സമിതിക്ക് കൈമാറാന്‍ തയാറാണെന്നും എന്നാല്‍ നിരായുധീകരണം, ഗസ്സ സമാധാനസേന എന്നിവയുടെ കാര്യത്തില്‍ തുറന്ന ചര്‍ച്ച നിര്‍ബന്ധമാണെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.
ഹമാസ് നിര്‍ദേശിച്ചതുപോലെ ഒറ്റയടിക്ക് യുദ്ധം നിര്‍ത്തുന്നത് അപകടമാണെന്ന് സൂചിപ്പിച്ച ട്രംപ്, ഇത് ഗസ്സയുടെ മത്രമല്ല, പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ കൂടി ആവശ്യകതയാണെന്നും പ്രതികരിച്ചു. ട്രംപ് സമര്‍പ്പിച്ച ഇരുപതിന പദ്ധതിയില്‍ ഒരുഭേദഗതിയും അംഗീകരിക്കില്ലെന്ന നിലപാട് കൈക്കൊണ്ട ഇസ്രായേല്‍ ഇതോടെ ശരിക്കും വെട്ടിലായി.
അതിനിടെ, ഗസ്സയില്‍ ആക്രമണം രൂക്ഷമാണ്. ഇന്നലെ 63 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് സഹായവുമായെത്തിയ ഫ്രീഡം ഫ്‌ലാോട്ടിലയിലെ മനുഷ്യവകാശ പ്രവര്‍ത്തകരെ ഭീകരവാദികളെന്ന് വിളിച്ച് ഇസ്രായേല്‍ മന്ത്രി ബെന്‍ ഗവിര്‍ അധിക്ഷേപിച്ചു.