ഇന്ത്യ- യുഎസ് വ്യാപാര കരാർ വേഗത്തിലാക്കാൻ ചർച്ചയിൽ തീരുമാനം; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്
ജനിതകമാറ്റം വരുത്തിയ ചോളം സംബന്ധിച്ച ഇന്ത്യയുടെ നിലപാടുകളും തദ്ദേശീയ കർഷകരെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഇന്ത്യ ചർച്ചകളിൽ ഉന്നയിച്ചു
വാഷിങ്ടൺ: എത്രയും വേഗം പരസ്പരം ഗുണകരമായ ഒരു കരാറിൽ എത്താൻ ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയിൽ ഇരു രാജ്യങ്ങളും തീരുമാനിച്ചു. അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് പ്രത്യേകിച്ച് ചോളത്തിന് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്ന യുഎസ് ആവശ്യം ചർച്ചകളിൽ പ്രധാന വിഷയമായി.
ജനിതകമാറ്റം വരുത്തിയ ചോളം സംബന്ധിച്ച ഇന്ത്യയുടെ നിലപാടുകളും തദ്ദേശീയ കർഷകരെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഇന്ത്യ ചർച്ചകളിൽ ഉന്നയിച്ചു. ഇറക്കുമതി തീരുവകൾ കുറയ്ക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ഒരു വ്യാപാര കരാർ യാഥാർഥ്യമായാൽ നിലവിൽ 200 ബില്യൺ ഡോളറിനടുത്തുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 500 ബില്യൺ ഡോളറായി വർധിക്കുമെന്നാണ് പ്രതീക്ഷ.
ഇത് ഇന്ത്യൻ കയറ്റുമതിക്ക് പുതിയ അവസരങ്ങൾ നൽകുകയും കൂടുതൽ യുഎസ് നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ചെയ്യും. ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാനുള്ള ചർച്ചകളും ഉടൻ നടക്കും.യുഎസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളുമാണ് ചർച്ചയിൽ പങ്കെടുത്തത്.അതിനിടെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മോദിയെ വിളിച്ച് പിറന്നാൾ ആശംസകൾ നേര്‍ന്നു.