തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ മാത്രമായി പൊലിഞ്ഞത് 1937 പേരെന്ന് ഇറാന്‍. 20,000-ലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 250 പേരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തില്‍ സംസ്‌കാരിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം എഴുന്നൂറിലധികം കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഹുസൈന്‍ സാദെഗിയെ ഉദ്ദരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ഥ കണക്കുകള്‍ നിലവില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളെക്കാളും കൂടുതലായിരിക്കുമെന്നാണ് വിവരം.
അതേസമയം, ഇറാനിലെ മിനാബ് സ്‌കൂളിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അതിശക്തമായി അപലപിച്ച ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ആക്രമണം മഞ്ഞുമലയുടെ മുകള്‍ഭാഗം പോലെ ചെറിയൊരു അംശം മാത്രമാണെന്നും അതിലും ക്രൂരമായ പല കാര്യങ്ങളും ഇസ്രായേലും യുഎസും ചെയ്തുകൂട്ടുന്നുണ്ടെന്നും പ്രതികരിച്ചു.
'മിനാബ് സ്‌കൂളിനെതിരായ കിരാത ആക്രമണം വെറുമൊരു അംശം മാത്രമാണ്. ഇതിലും ക്രൂരവും പൈശാചികവുമായി കാര്യങ്ങളാണ് ഇവര്‍ ചെയ്തുകൂട്ടുന്നത്. തങ്ങളെന്ത് തന്നെ ചെയ്താലും ആരും ശിക്ഷിക്കുകയില്ലെന്ന തോന്നലിലാണ് ഇത്രയും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളിലേക്ക് അവരെത്തുന്നത്. ഷജറ ത്വയ്യിബെ ഗേള്‍സ് സ്‌കൂളിനെതിരെയുള്ള ആക്രമണമെന്നത് യുദ്ധക്കുറ്റവും മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയുമാണ്. തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുന്നതിനായി യുഎസ് പലതരത്തിലുമുള്ള പരാമര്‍ശങ്ങളും നടത്തുകയാണ്'. അരാഗ്ചി പറഞ്ഞു.
ആക്രമണത്തില്‍ 600-ലധികം സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും 1000-ലേറെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം തുടരവേ 10,000 സൈനികരെ കൂടി മേഖലയില്‍ അധികമായി വിന്യസിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 5000 മറീനുകള്‍, 82-ാമത് എയര്‍ബോണ്‍ ഡിവിഷനിലെ 2000 പാരാട്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പുതുതായി വിന്യസിക്കുന്നതില്‍ ഉള്‍പ്പെടും. വ്യോമാക്രമണത്തിന് പുറമെ ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള കരയാക്രമണത്തിനായി പെന്റഗണ്‍ സൈനിക നീക്കം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഏപ്രില്‍ ആറ് വരെ ആക്രമണം നടത്തില്ലെന്ന് ഡോണള്‍ഡ് ട്രംപ് ആരംഭിച്ചിരുന്നു. നേരത്തെ അഞ്ച് ദിവസമായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഒരാഴ്ച കൂടി നീട്ടിയിരിക്കുന്നത്.