ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് യുഎന്‍

ഇസ്രയേൽ പ്രദേശങ്ങളിലേക്ക്​ ഫലസ്തീൻ പോരാളികൾ നിരവധി റോക്കറ്റുകൾ അയച്ചു

Update: 2022-08-06 02:18 GMT

ഗസ്സ: ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. ആക്രമണത്തിൽ അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത്​ പേർ മരിക്കുകയും 75ൽ ഏറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക്​ ഫലസ്തീൻ പോരാളികൾ നിരവധി റോക്കറ്റുകൾ അയച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടു. ഈജിപ്തിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കവും ഊർജിതമാണ്​.

ഗസ്സയിലെ ജനവാസ കേന്ദ്രത്തിനു നേർക്ക്​ ഇന്നലെ ഉച്ച തിരിഞ്ഞാരംഭിച്ച​ ഇസ്രായേലി​ന്‍റെ വ്യോമാക്രമണം രാത്രിയിലും തുടർന്നു. കുട്ടികളും സ്​ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഫലസ്​തീൻ ചെറുത്തുനിൽപ്പ്​ പ്രസ്​ഥാനമായ ഇസ്​ലാമിക്​ ജിഹാദി​ന്‍റെ സായുധ വിഭാഗമായ അൽ ഖുദ്​സ്​ ബ്രിഗേഡി​ന്‍റെ കമാൻഡർ തൈസീർ അൽ ജബ്രിയും വധിക്കപ്പെട്ടു. പരിക്കേറ്റവർക്ക്​ ആവശ്യമായ ചികിൽസ നൽകാനുള്ള സംവിധാനം പോലും ആശുപത്രിയിൽ അപര്യാപ്​തമാണെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിലെ ഇസ്​ലാമിക്​ ജിഹാദ്​ കേന്ദ്രങ്ങൾക്കു നേരെയാണ്​ ആക്രമണമെന്ന​​ ഇസ്രായേൽ വിശദീകരണം ഫലസ്​തീൻ സംഘടനകൾ തള്ളി.

Advertising
Advertising

പതിവുപോലെ ജനവാസകേന്ദ്രങ്ങളെയാണ്​ സൈന്യം ലക്ഷ്യമിടുന്നതെന്ന്​ അവർ കുറ്റപ്പെടുത്തി. പ്രത്യാക്രമണ ഭാഗമായി ഗസ്സയിൽ നിന്ന്​ നിരവധി റോക്കറ്റുകൾ ഇസ്രായേലിന്​ നേർക്ക്​ അയച്ചു. ഭൂരിഭാഗം റോക്കറ്റുകൾ അയേൺ ഡോം സിസ്​റ്റം പ്രതിരോധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്​തമാക്കി. അന്യായമായ മറ്റൊരു യുദ്ധം അടിച്ചേൽപിച്ച ഇസ്രായേലിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനിൽപ്പും തുടരുമെന്ന്​ ഫലസ്​തീൻ പോരാളി സംഘടനകളായ ഹമാസും ഇസ്​ലാമിക്​ ജിഹാദും അറിയിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഇസ്രയേൽ ജനതക്കെതിരായ വെല്ലുവിളി അമർച്ച ചെയ്യാൻ ഏതറ്റം വരെയും പോകുമെന്ന്​ പ്രധാനമന്ത്രി യായിർ ലാപിഡ്​ അറിയിച്ചു. നിശ്​ചിത ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻസ്​ പറഞു. ഗസ്സക്കു്​നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അറബ്​ ലീഗും ഇറാനും അപലപിച്ചു. അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന്​ ​ജോർദാൻ ആവശ്യപ്പെട്ടു. പുതിയ സംഘർഷം ആപത്കരമാണെന്ന്​ യു.എൻ രക്ഷാസമിതി മുന്നറിയിപ്പ്​ നൽകി. ഇസ്രായേലി​ന്‍റെ പ്രതിരോധം ന്യായമാണെന്നും ബന്​ധ​പ്പെട്ടവർ സംയമനം പാലിക്കണമെന്നും അമേരിക്ക വ്യക്​തമാക്കി.

കഴിഞ്ഞ മെയ് ​മാസത്തിൽ ഗസ്സയിൽ ഇ​സ്രയേൽ നടത്തിയ ആക്രമണത്തിൽ 265 പേർ കൊല്ലപ്പെട്ടിരുന്നു. അധിനിവിഷ്​ട വെസ്​റ്റ്​ബാങ്ക്​ നഗരമായ ജെനിനിൽ മുതിർന്ന ഫലസ്​തീൻ നേതാവ്​ ബസ്സാം അൽ സാദിയെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​താണ്​ ഇസ്രയേൽ പുതിയ സംഘർഷത്തിന്​ തുടക്കം കുറിച്ചത്​. നാലു ദിവസം മുമ്പ്​ ഗസ്സയിലേക്കുള്ള അതിർത്തിയും ഇസ്രയേൽ കൊട്ടിയടച്ചിരുന്നു. ആക്രമണം കൂടിയായതോടെ ഗസ്സയിൽ ജനജീവിതം ദുസ്സഹമായി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News