യുകെയുടെ ഉപരോധ നടപടി; കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഇസ്രായേല്‍

ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോന്‍ സാര്‍ ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്

Update: 2026-09-08 16:42 GMT

തെല്‍ അവീവ്: കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഇസ്രായേല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രായേലിന്റെ പ്രഖ്യാപനം.

ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോന്‍ സാര്‍ ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഫലസ്തീന്‍ അതോറിറ്റിയുടെ അംഗീകാരമുള്ള കോണ്‍സുലേറ്റാണ് ഇസ്രായേല്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്.

യുകെ കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതിന് പുറമെ ഗസ്സയുമായി ബന്ധപ്പെട്ട ഏകോപന പ്രവത്തനങ്ങളില്‍ നിന്നും ബ്രിട്ടനെ ഒഴിവാക്കാനും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും ഇസ്രായേല്‍ തീരുമാനിച്ചു. ബ്രിട്ടനില്‍ നിന്നുള്ള പത്ത് പൗരന്മാര്‍ക്ക് ഇസ്രായേലിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം.

Advertising
Advertising

ബ്രിട്ടന്‍ ഇസ്രായേലിനെതിരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുകയാണെന്ന് ഗിദിയോന്‍ സാര്‍ കുറ്റപ്പെടുത്തി. യുകെ സര്‍ക്കാരിന്റെ ഉപരോധ നടപടികള്‍ വസ്തുതാവിരുദ്ധമാണ്. വെസ്റ്റ് ബാങ്കിലെ ബ്രിട്ടന്റെ സൈനിക പരിശീലനം അവസാനിപ്പിക്കുമെന്നും ഗിദിയോന്‍ സാര്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ അവസാനത്തോടെ ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുകെയുടെ ഉപരോധ നടപടി സ്വീകരിച്ചത്. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേല്‍ കുടിയേറ്റ മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കുകയാണെന്ന് യുകെ വിദേശകാര്യമന്ത്രി എഡ് മിലിബാന്‍ഡ് വ്യക്തമാക്കുകയായിരുന്നു.

ഇസ്രായേല്‍ സെറ്റില്‍മെന്റുകളുടെ നിര്‍മാണത്തിന് ധനസഹായം നല്‍കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും എതിരെ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു എന്നും മിലിബാന്‍ഡ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

ഫലസ്തീനികള്‍ ഇനിയും കഷ്ടതകള്‍ അനുഭവിക്കുന്നത് കണ്ടിരിക്കാനാകില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ നാശത്തിന് മുന്നില്‍ വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബ്രിട്ടന്റെ തീരുമാനത്തെ ഫ്രാന്‍സ്, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഐസ്‌ലാൻഡ്, അയര്‍ലന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ പിന്തുണക്കുമെന്നും എഡ് മിലിബാന്‍ഡ് അറിയിച്ചിരുന്നു. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുള്ള യുഎസിന്റെ ഭീഷണി വകവെക്കാതെയാണ് യുകെയുടെ നീക്കം. ഇതിനുപിന്നാലെയാണ് ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രതികാരനടപടി.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - രാഗേന്ദു​ പി.ആർ

contributor

Web Journalist

Similar News