മുഴങ്ങിക്കേട്ടത് ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദങ്ങൾ; ക്രിസ്മസ് ദിനത്തിലും ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷമുണ്ടായില്ല
ഗസ്സ സിറ്റി: ക്രിസ്മസ് നാളിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ വ്യോമക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദങ്ങൾക്കിടെയായിരുന്നു ഗസ്സയിൽ ഇന്നലെ ക്രൈസ്തവ ജനതയുടെ ക്രിസ്മസ് ആഘോഷം.
ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷമുണ്ടായില്ല. പള്ളികളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്.വടക്കൻ ഗസ്സയിലെ ജബാലിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ഒരു ഫലസ്തീനിയെ കൊലപ്പെടുത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുകിഴക്കായി സായിർ പട്ടണത്തിലെ വീടുകൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ എട്ട് മാസം പ്രായമുള്ള ഫലസ്തീൻ പെൺകുട്ടിക്ക് പരിക്കേറ്റു.
അതേസമയം, ക്രിസ്മസ് പ്രസംഗത്തിൽ ഗസ്സയിലെ ഫലസ്തീനികളുടെ അവസ്ഥ ലോകത്ത ഓർമിപ്പിക്കാൻ ലിയോ മാർപ്പാപ്പ മറന്നില്ല. ആഴ്ചകളോളം മഴയും കാറ്റും തണുപ്പും ഏറ്റ് കഴിയുന്ന ഗസ്സയിലെ കൂടാരങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ കഴിയുന്നില്ല എന്ന് മാർപാപ്പ ചോദിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് വിവിധ സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടി.
കൊടിയ യുദ്ധത്തിന്‍റെകെടുതികളും പ്രകൃതിക്ഷോഭവും മൂലംപൊറുതിമുട്ടുന്ന ഗസ്സ നിവാസികൾക്ക് ചുരുങ്ങിയ സഹായംപോലും നിഷേധിക്കുന്ന സമീപനമാണ് വെടിനിർത്തൽ വേളയിലും ഇസ്രയേൽ തുടരുന്നതെന്നും സംഘടനകൾ വ്യക്തമാക്കി. അതിനിടെ, ജനുവരിയിൽ തന്നെ വെടിനിർത്തൽ രണ്ടാം ഘട്ടംപ്രാബല്യത്തിൽ വരുമെന്ന് അമേരിക്കയുടെ പശ്ചമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് സ്ഥീരീകരിച്ചതായി ഇസ്രയേൽ ചാനൽ 13 റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും ആശയവിനിമയം തുടരുകയാണ്. ബഗ്ദാദിൽ എത്തിയ ഇന്നതതല ഹമാസ് സംഘം ഇറാഖ് നേതാക്കളുമായി ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു.