ഗസ്സയില്‍ ഭക്ഷണം വാങ്ങാൻ വരി നിന്നവർക്ക് നേരെ വീണ്ടും ഇസ്രായേൽ ക്രൂരത; വെടിവെപ്പിൽ കൊല്ലപ്പെട്ടത് 59 പേർ, 221 പേർക്ക് പരിക്ക്
ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി ടാങ്കുകൾ, ഹെവി മെഷീൻ ഗണ്ണുകൾ, ഡ്രോൺ എന്നിവ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക് സാക്ഷികള്‍
ഗസ്സ സിറ്റി: ഗസ്സയിൽ വീണ്ടും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഗസ്സയിൽ ഭക്ഷണം വാങ്ങാൻ വരി നിന്നവർക്കേ നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 59 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ട്രക്കുകളിൽ നിന്ന് സഹായം സ്വീകരിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിലേക്ക് ഇസ്രായേലി ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലി ടാങ്കുകൾ, ഹെവി മെഷീൻ ഗണ്ണുകൾ, ഡ്രോൺ എന്നിവ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
വെടിവെപ്പിൽ 59 പേർ കൊല്ലപ്പെടുകയും 221 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 20 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടർമർ അറിയിച്ചു. കാറുകളിലും റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
മേയിലാണ് ഗസ്സയിൽ സഹായവിതരണം പുനരാരംഭിച്ചത്. ഇതിന് പിന്നാലെ പലപ്പോഴായി ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 300ലധികം പേർ കൊല്ലപ്പെടുകയും 2000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നടക്കുന്ന ആക്രമണത്തിനിടെ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ മരണനിരക്കാണിത്. തിങ്കളാഴ്ച ഖാൻ യൂനിസിന് തെക്കുള്ള റഫയില്‍ സഹായകേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 38 പേരായിരുന്നു കൊല്ലപ്പെട്ടത്.
അതേസമയം, പ്രദേശത്ത് വെടിവെപ്പ് നടന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 'ഇന്ന് രാവിലെ, ഖാൻ യൂനിസിന്റെ പ്രദേശത്ത് സഹായ വിതരണ ട്രക്കിന് സമീപവും പ്രദേശത്ത് പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികർക്ക് സമീപവുമായി ആളുകൾ കൂടി നിൽക്കുന്നത് കണ്ടു.തുടർന്ന് നടത്തിയ വെടിവയ്പ്പിൽ നിരവധി പേർക്ക് വെടിയേറ്റതായും റിപ്പോർട്ടുകൾ ലഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അവലോകനം ചെയ്തുവരികയാണ്. ഇതിൽ ഉൾപ്പെടാത്ത ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു'. അതേസമയം,ഞങ്ങളുടെ സൈനികരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഗസ്സയുടെ വിവിധ ഇടങ്ങളിൽ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണത്തിലും കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെ ചൊവ്വാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 20 മാസത്തിലേറെയായി നടക്കുന്ന ഇസ്രായേലി ആക്രമണങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ 55,362 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നത്.