അനസ് അൽ ശരീഫ് ഉൾപ്പെടെ അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകരെ വധിച്ച് ഇസ്രായേൽ

ഗസ്സ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ടെന്റിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

Update: 2025-08-11 05:03 GMT

ഗസ്സ: ഗസ്സ സിറ്റിയിലെ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്റിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ അനസ് അൽ ഷെരീഫ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ടെന്റിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അനസിന് പുറമെ അൽ ജസീറയുടെ  മധ്യപ്രവർത്തകരായ മുഹമ്മദ് ഖ്രീഖെ, ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവരും കൊല്ലപ്പെട്ടു.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു 28കാരനായ അനസ്. അദ്ദേഹത്തിന്റെ അവസാന വിഡിയോയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇരുണ്ട ആകാശം ഓറഞ്ച് വെളിച്ചത്തിൽ നിറയുന്നതും ഇസ്രായേലിന്റെ മിസൈൽ ബോംബിംഗിന്റെ ഉച്ചത്തിലുള്ള മുഴക്കവും പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു. പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള മറ്റൊരു നഗ്നവും ആസൂത്രിതവുമായ ആക്രമണം എന്ന് കൊലപാതകങ്ങളെ അപലപിച്ച് കൊണ്ട് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

500,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അനസിന്റെ എക്സ് അകൗണ്ടിൽ മരണത്തിന് മിനിറ്റുകൾക്ക് മുമ്പ് വരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. അനസ് ഒരു ഹമാസ് അംഗമായിരുന്നുവെന്നും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നും അനസിനെ വധിച്ചത് സ്ഥിരീകരിച്ചു പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇസ്രായേൽ അവകാശപ്പെടുന്നു. വടക്കൻ ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരായ വംശഹത്യയെക്കുറിച്ചുള്ള തുടർച്ചയായ വാർത്തകൾ നൽകിയതിന് ഇസ്രായേലിൽ നിന്ന് അനസിന് നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ തെളിവുകൾ നൽകാതെ മാധ്യമപ്രവർത്തകരെ 'തീവ്രവാദികളായി' മുദ്രകുത്തുന്ന ഇസ്രായേൽ രീതി പത്രസ്വാതന്ത്ര്യത്തോടുള്ള അവരുടെ ഉദ്ദേശ്യത്തെയും ബഹുമാനത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു' എന്ന് സിപിജെയുടെ(കമ്മിറ്റി ടു പ്രൊട്ടക്ട ജേർണലിസ്റ്സ്) മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക ഡയറക്ടർ സാറ ഖുദ പറഞ്ഞു.

ഗസ്സയിലെ ഏറ്റവും ധീരനായ പത്രപ്രവർത്തകരിൽ ഒരാളാണ് അനസ് അൽ ശരീഫ്. 'ഗസ്സയിലെ ദുരന്ത യാഥാർത്ഥ്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന അവസാനത്തെ ശബ്ദങ്ങളിൽ അനസ് അൽ ഷെരീഫും സഹപ്രവർത്തകരും ഉൾപ്പെടുന്നു.' അൽ ജസീറ പറഞ്ഞു. ഗസ്സയിൽ നിന്നുള്ള റിപോർട്ടുകൾ കാരണം അനസിന്റെ ജീവൻ അപകടത്തിലാണെന്ന് പത്രസ്വാതന്ത്ര്യ ഗ്രൂപ്പും ഒരു യുഎൻ വിദഗ്ദ്ധനും മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News