‘വെടിനിർത്തൽ ഇസ്രായേൽ അംഗീകരിക്കണം’; ഗസ്സയിലെ വംശഹത്യ വ്യാപിപ്പിക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെ സേന മേധാവി ഇയാൽ സമീർ

ഗസ്സയിൽ 54 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി

Update: 2025-08-25 09:40 GMT
Editor : നബിൽ ഐ.വി | By : Web Desk

​ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ സ്വീകരിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ സേനാ മേധാവി ഇയാൽ സമീർ. ഗസ്സ സിറ്റി പിടിക്കാനും വംശഹത്യ വ്യാപിപ്പിക്കാനുമുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ നീക്കത്തിൽ സേനയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും സമാധാനക്കരാറിനുള്ള സാഹചര്യം സൃഷ്ടിച്ചത് സൈന്യമാണെന്നും ഇനി അത് നെതന്യാഹുവിന്റെ കയ്യിലാണെന്നും ഇയാൽ സമീർ പറഞ്ഞു.

ഗസ്സയിൽ 54 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. നാലുപേർ ഭക്ഷണത്തിന് വരിനിൽക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിൽ നിന്ന്​ ഫലസ്തീനികളെ പുറന്തള്ളുകയെന്ന ലക്ഷ്യത്തോടെ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. ഖാൻ യൂനുസിലെ വസതികൾ സൈന്യം ഇടിച്ചു നിരപ്പാക്കി.

Advertising
Advertising

ഗസ്സ സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വ്യോമ, കരയാ​ക്രമണം ഇസ്രായേൽ തുടരുകയാണ്. ഗസ്സ സിറ്റിയോടുചേർന്ന സെയ്ത്തൂൻ പ്രദേശം തകർത്ത കരസേനാ ടാങ്കുകൾ സബ്റ ലക്ഷ്യമിട്ട് നീങ്ങുകയാണ്​. പ്രദേശത്തു നിന്ന്​ ഒഴിഞ്ഞു പോകണമെന്ന്​ സൈന്യം ജനങ്ങൾക്ക്​ നിർദേശം നൽകി. ആശുപത്രികൾക്കും മറ്റും നേരെ വ്യാപക ആക്രമണത്തിനും ഇസ്രായേൽ ലക്ഷ്യമിടുന്നതായാണ്​ സൂചന.

24 മണിക്കൂറിനിടെ രണ്ട് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൂടി പട്ടിണി മരണത്തിന് കീഴടങ്ങിയതോടെ ഭക്ഷണം കിട്ടാതെ മരിച്ചവരുടെ എണ്ണം 281 ആയി. ഇതിൽ 115 ​കുട്ടികളാണ്. കൊടുംപട്ടിണി ഗസ്സക്കാരെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിയിടുകയാണെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീർ അൽബർഷ് പറഞ്ഞു. ഗസ്സയിലുടനീളം ആക്രമണങ്ങളിൽ ഭക്ഷണം കാത്തുനിൽക്കുന്ന 20 പേരടക്കം 43 പേർ ഇന്നലെ കൊല്ലപ്പെട്ടു.

യെമൻ തലസ്ഥാനമായ സൻആയിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക വ്യോമാക്രമണം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിനു നേർക്ക്​ യെമനിലെ ഹൂതികൾ അയച്ച ബാലിസ്റ്റിക്​ മിസൈലുകൾക്കുള്ള മറുപടിയാണിതെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഫലസ്തീൻ ജനതക്കുള്ള പിന്തുണയും ഇസ്രായേലിനു നേർക്കുള്ള മിസൈൽ ആക്രമണവും തുടരുമെന്ന്​ യെമനിലെ ഹൂതികൾ അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News