ഗസ്സ സിറ്റി: ഗസ്സയിൽ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് ഉപയോഗിച്ചവയിൽ മനുഷ്യരെ ആവിയാക്കാനും ചാരമാക്കാനും കഴിവുള്ളത്ര മാരകമായ നിരോധിത ആയുധങ്ങളും. അന്താരാഷ്ട്രതലത്തിൽ നിരോധിച്ച തെർമൽ, തെർമോബാരിക് ആയുധങ്ങളും ഗസ്സയിൽ ഇസ്രായേൽ ആസൂത്രിതമായി ഉപയോഗിച്ചതായി അൽജസീറ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ 2800ലേറെ ഫലസ്തീനികളാണ് അപ്രത്യക്ഷരായത്. വാക്വം, എയറോസോൾ ബോംബുകൾ എന്നറിയപ്പെടുന്ന ഈ ആയുധങ്ങൾ ഇസ്രായേൽ ആസൂത്രിതമായി ഉപയോഗിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധരും ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു.
3,500 ഡിഗ്രി സെൽഷ്യസ് (6,332 ഡിഗ്രി ഫാരൻഹീറ്റ്)ലേറെ താപനില സൃഷ്ടിക്കാൻ കഴിവുള്ള ഈ ആയുധങ്ങൾ ഒരു പ്രദേശത്ത് പതിക്കുന്നതിലൂടെ അവിടെയുള്ളവരെല്ലാം ആവിയായിപ്പോവുന്ന പ്രതിഭാസമാണ് സൃഷ്ടിക്കപ്പെടുക. അൽ ജസീറ അറബിക് അന്വേഷണമായ ദി റെസ്റ്റ് ഓഫ് ദി സ്റ്റോറി പ്രകാരം, 2023 ഒക്ടോബറിൽ ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം 2,842 ഫലസ്തീനികളാണ് ഇത്തരത്തിൽ അപ്രത്യക്ഷരായതെന്ന് സിവിൽ ഡിഫൻസ് ടീമുകൾ രേഖപ്പെടുത്തിയിരിക്കുന്നു. രക്തക്കറയോ ചെറിയ എല്ലിൻകഷണങ്ങളോ അല്ലാതെ മറ്റ് അവശിഷ്ടങ്ങളൊന്നും അവശേഷിപ്പിച്ചില്ല.
ഇത്തരത്തിൽ പൂർണമായും തുടച്ചുനീക്കപ്പെട്ടവരുടെ യഥാർഥ കണക്ക് ഇതിലുമേറെ വരും. പൂർണ ഉന്മൂല രീതിയാണ് ആക്രമണ പ്രദേശങ്ങളിൽ ഇസ്രായേൽ അവലംബിച്ചതെന്ന് സിവിൽ ഡിഫൻസ് ടീം വക്താവ് മഹ്മൂദ് ബസൽ വ്യക്തമാക്കി. തങ്ങൾ ഓരോ പ്രദേശത്തും ചെന്ന് അവിടെ കണ്ടെടുത്ത മൃതദേഹങ്ങളുടെയും യഥാർഥ താമസക്കാരുടെയും എണ്ണങ്ങൾ തമ്മിൽ ക്രോസ് റഫറൻസ് ചെയ്താണ് കണക്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ഉദാഹരണമായി, തങ്ങളുടെ വീട്ടിലെ അഞ്ച് പേരെ കാണാതായെന്ന് ഒരു കുടുംബം ഞങ്ങളോട് പറയുകയും അതിൽ മൂന്ന് മൃതദേഹങ്ങൾ മാത്രം കേടുകൂടാതെ കണ്ടെത്താനാവുകയും ചെയ്താൽ, ബാക്കിയുള്ള രണ്ടെണ്ണം 'ബാഷ്പീകരിക്കപ്പെട്ടതായി' ഞങ്ങൾ കണക്കാക്കും. അവരുടെ മൃതദേഹങ്ങൾക്കായുള്ള സമഗ്രമായ തിരച്ചിലിൽ ജീവശാസ്ത്രപരമായ അടയാളങ്ങൾ മാത്രമേ ലഭിക്കൂ. ചുവരുകളിൽ രക്തം സ്പ്രേ ചെയ്തത് പോലെയോ തലയോട്ടിയുടേതോ മറ്റോ ചെറിയ കഷണങ്ങളോ ഒക്കെയാകാം കണ്ടെത്താനാവുക'- അദ്ദേഹം കൂട്ടിച്ചേർത്തു.
മായ്ക്കപ്പെടലിന്റെ/ആവിയാക്കലിന്റെ രസതന്ത്രം
ഇസ്രായേലി യുദ്ധോപകരണങ്ങളിലെ പ്രത്യേക രാസഘടനകൾ നിമിഷങ്ങൾക്കുള്ളിൽ മനുഷ്യശരീരങ്ങളെ ചാരമാക്കി മാറ്റുന്നതും പൂർണമായും മായ്ക്കപ്പെടുന്നതും എങ്ങനെയെന്ന് അന്വേഷണത്തിൽ വ്യക്തമായി. തെർമോബാറിക് ആയുധങ്ങൾ ആളുകളെ കൊല്ലുക മാത്രമല്ല, പൂർണമായും നശിപ്പിക്കുന്നതായി റഷ്യൻ സൈനിക വിദഗ്ദ്ധനായ വാസിലി ഫാറ്റിഗറോവ് പറഞ്ഞു. പരമ്പരാഗത സ്ഫോടകവസ്തുക്കളിൽ നിന്ന് വ്യത്യസ്തമാണ് ഈ ആയുധങ്ങളുടെ പ്രഹരശേഷി. കത്തുന്ന സമയം ദീർഘിപ്പിക്കാൻ, അലുമിനിയം, മഗ്നീഷ്യം, ടൈറ്റാനിയം എന്നിവയുടെ പൊടികൾ രാസ മിശ്രിതത്തിൽ ചേർക്കുന്നു. ഇത് സ്ഫോടനത്തിന്റെ താപനില 2,500 മുതൽ 3,000 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തുന്നു.
അമേരിക്കൻ ഐക്യനാടുകളിൽ നിർമിച്ച MK-84 പോലുള്ള ബോംബുകളിൽ ഉപയോഗിക്കുന്ന ടിഎൻടി, അലൂമിനിയം പൊടി എന്നിവയുടെ മിശ്രിതമായ ട്രൈറ്റോണൽ ആണ് തീവ്രമായ ചൂട് സൃഷ്ടിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ ആയുധങ്ങളാണ് ഗസ്സയിൽ ആയിരങ്ങളെ തുടച്ചുനീക്കാൻ ഇസ്രായേൽ ഉപയോഗിച്ചത്.
ഏകദേശം 80 ശതമാനം വെള്ളത്താൽ നിർമിതമായ മനുഷ്യശരീരത്തിൽ ഇത്രയും വലിയ ചൂടിന്റെ ജൈവശാസ്ത്രപരമായ സ്വാധീനം എത്രത്തോളമാണെന്ന് ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബർഷ് വിശദീകരിച്ചു. "100 ഡിഗ്രി സെൽഷ്യസ് ആണ് (212 ഫാരൻ ഹീറ്റ്) വെള്ളത്തിന്റെ തിളനില. ഒരു ശരീരം 3,000 ഡിഗ്രിയിൽ കൂടുതൽ ഊർജത്തിന് വിധേയമാകുമ്പോൾ, വലിയ സമ്മർദവും ഓക്സീകരണവും കൂടിച്ചേരുകയും ദ്രാവകങ്ങൾ തത്ക്ഷണം തിളച്ചുമറിയുകയും ചെയ്യും. ഇതിലൂടെ ഉള്ളിലെ ദ്രാവകങ്ങൾ ബാഷ്പീകരിക്കപ്പെടുകയും ശരീരം ചാരമായി മാറുകയോ ആവിയാക്കപ്പെടുകയോ ചെയ്യും- അദ്ദേഹം വിശദമാക്കി.
ഇസ്രായേൽ ഉപയോഗിച്ച പ്രത്യേക ആയുധങ്ങളുടെ ഘടനയും അതുണ്ടാക്കുന്ന അപകടതീവ്രതയും
ഗസ്സയിൽ മനുഷ്യരെ അപ്രത്യക്ഷരാക്കാൻ ഇസ്രായേൽ ഉപയോഗിച്ച പ്രത്യേക യുദ്ധോപകരണങ്ങളൊക്കെയും യുഎസ് നിർമിതമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അവയിൽ ചിലത് താഴെ പറയുന്നു.
MK-84 'ഹാമർ': ട്രൈറ്റോണൽ നിറച്ച ഈ ബോംബ്/ മിസൈൽ 3,500 സെൽഷ്യസ് വരെ ചൂട് ഉത്പാദിപ്പിക്കുന്നു. മനുഷ്യരെ മാത്രമല്ല, വലിയ കെട്ടിടങ്ങളെ പോലും നൂറുകണക്കിന് മീറ്ററുകൾ അകലേക്ക് ചിതറിക്കാൻ ഈ ആയുധങ്ങൾക്ക് സാധിക്കും. 907 കിലോ (2000 പൗണ്ട്) തൂക്കം വരുന്ന MK- 84 മിസൈലുകൾക്ക് 3.84 മീറ്റർ (12.6 അടി) ആണ് നീളം. മാർക്-80 സീരീസിലെ ഏറ്റവും വലുതായ ഇത്, എഫ്-16, എഫ്- 15 ജെറ്റുകളിൽ നിന്നാണ് തൊടുത്തുവിടുന്നത്. ഒരിടത്ത് പതിച്ചാൽ അവിടെ 10-15 മീറ്റർ വരെ ആഴമുണ്ടാക്കാൻ ഇവയ്ക്ക് സാധിക്കും. 2024 സെപ്തംബർ 10ന് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ മവാസി അഭയാർഥി ക്യാമ്പിലടക്കം ഈ അതിഭീകര ആയുധം കൊണ്ടുള്ള ആക്രമണം ഇസ്രായേൽ നടത്തിയിട്ടുണ്ട്.
BLU-109 ബങ്കർ സ്ഫോടനം: 2024 സെപ്തംബറിൽ ഇസ്രായേൽ ബലമായി ഫലസ്തീനികളെ കുടിയിറക്കിയ അൽ-മവാസിയിലെ ആക്രമണത്തിന് ഉപയോഗിച്ച ഈ ബോംബ് 22 പേരെയാണ് ആവിയാക്കിക്കളഞ്ഞത്. ഇതിന് ഒരു സ്റ്റീൽ കേസിങ്ങും ഫ്യൂസും ഉണ്ട്. PBXN-109 സ്ഫോടകവസ്തു മിശ്രിതം പൊട്ടിത്തെറിക്കുന്നതിനുമുമ്പ് അത് സ്വയം മണ്ണിനടിയിലേക്ക് മറയും. അടച്ചിട്ട കെട്ടിടങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുന്നതോടെ ഒരു വലിയ അഗ്നിഗോളം സൃഷ്ടിക്കുകയും നിശ്ചിത ദൂരത്തുള്ളതെല്ലാം ചാരമാക്കപ്പെടുകയോ ആവിയാക്കപ്പെടുകയോ ചെയ്യുന്നു.
GBU-39: 2024 ആഗസ്റ്റ് 10ന് ഗസ്സയിലെ അൽ-താബിൻ സ്കൂൾ ആക്രമണത്തിന് ഉപയോഗിച്ചത് ഈ പ്രിസിഷൻ ഗ്ലൈഡ് ബോംബാണ്. AFX-757 സ്ഫോടകവസ്തുവാണ് ഇതിൽ ഉപയോഗിക്കുന്നത്. കെട്ടിട ഘടന താരതമ്യേന കേടുകൂടാതെയിരിക്കാനുള്ള രീതിയിലാണ് GBU-39 രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഉള്ളിലുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുമെന്ന് ഫാറ്റിഗറോവ് പറഞ്ഞു. ശ്വാസകോശം തകർക്കുന്ന മർദ തരംഗത്തിലൂടെയും മൃദുവായ കോശങ്ങളെ ദഹിപ്പിക്കുന്ന താപ തരംഗത്തിലൂടെയുമാണ് ഇത് മനുഷ്യനെ കൊല്ലുന്നത്. മൃതദേഹങ്ങൾ കാണാതായ സ്ഥലങ്ങളിൽ നിന്ന് ജിബിയു-39കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് വക്താവ് സ്ഥിരീകരിച്ചു. 113 കിലോയാണ് ഇതിന്റെ ഭാരം.
തുടരുന്ന യുദ്ധക്കുറ്റം, ആഗോള വംശഹത്യ, അന്താരാഷ്ട്ര നീതിയുടെ പരാജയം
കടുത്ത നാശകാരിയായ ഈ ആയുധങ്ങളുടെ ഉപയോഗം ഇസ്രായേലിനെ മാത്രമല്ല, അതിന്റെ പാശ്ചാത്യ വിതരണക്കാരെയും ബാധിക്കുമെന്ന് നിയമ വിദഗ്ധർ പറയുന്നു. ഇത് ഇസ്രായേലിന്റെ മാത്രം വംശഹത്യയല്ല, ആഗോളതലത്തിലുള്ള വംശഹത്യയാണെന്ന് ഖത്തറിലെ ജോർജ്ടൗൺ സർവകലാശാലാ ലക്ചററായ അഭിഭാഷക ഡയാന ബുട്ടു പറഞ്ഞു. 'അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഈ ആയുധങ്ങളുടെ നിരന്തരം ഒഴുക്ക് കാണാം. ഇവയ്ക്ക് സൈനികരെയും കുട്ടികളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്ന് അവർക്കറിയാം. എന്നിട്ടും അവർ അത് അയയ്ക്കുന്നത് തുടരുന്നു'- ദോഹയിലെ അൽ ജസീറ ഫോറത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം, സൈനികരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ കഴിയാത്ത ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ബുട്ടു വ്യക്തമാക്കി. ഇസ്രായേലിന്റെ കൈവശം ഈ നിരോധിത ആയുധങ്ങൾ ഉണ്ടെന്നും അവർ ഉപയോഗിക്കുന്നുണ്ടെന്നും ലോകത്തിന് അറിയാമെന്നും ബുട്ടു പറഞ്ഞു.
2024 ജനുവരിയിൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി താത്കാലിക നടപടികൾ പുറപ്പെടുവിക്കുകയും വംശഹത്യ തടയാൻ ഉത്തരവിടുകയും 2024 നവംബറിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും ഗസ്സയിൽ കൂട്ടക്കൊല നിർബാധം തുടർന്നു. ഗസ്സയുടെ കാര്യത്തിൽ അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടതായി ഇന്റർനാഷനൽ ലോ പ്രൊഫസർ താരിഖ് ഷൻദാബ് പറഞ്ഞു.
2025 ഒക്ടോബർ 10ന് വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇതുവരെ 600ലേറെ ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടതെന്നും ഷൻദാബ്. 1,184 പേർക്കാണ് പരിക്കേറ്റത്. ഉപരോധം, പട്ടിണി എന്നിവയിലൂടെയും യുദ്ധം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മരുന്നിനും ഭക്ഷണത്തിനും മേലുള്ള ഉപരോധം തന്നെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കയുടെ വീറ്റോ അധികാരം ഇസ്രായേലിന് നൽകിയ ശിക്ഷാ ഇളവ് ഷാൻദാബ് ചൂണ്ടിക്കാട്ടി. എങ്കിലും രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിൽ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സാർവത്രിക അധികാരപരിധിയിലുള്ള കോടതികൾക്ക് നീതിക്കായി ബദൽ മാർഗം വാഗ്ദാനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച വൈറ്റ് ഫോസ്ഫറസ്, അപകടകരമായ ബോംബുകള്‍, യുഎസില്‍ നിന്നുള്ള മിസൈലുകള്‍ എന്നിവയും ഇസ്രായേൽ ഗസ്സ വംശഹത്യക്ക് ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആളുകളെ ഇല്ലാതാക്കാൻ മാത്രമല്ല, ജീവൻ തിരിച്ചുകിട്ടിയവർക്ക് കാഴ്ച നഷ്ടം, കാന്‍സര്‍, ചര്‍മത്തിലെ പൊള്ളല്‍ തുടങ്ങി പല മാരകമായ ശാരീരിക അസുഖങ്ങള്‍ക്കും ഇത് കാരണമാവും. മനുഷ്യനു പുറമേ മണ്ണിനെയും അതില്‍ വളരുന്ന വിളകളെയും വിഷലിപ്തമാക്കുന്നതായും റിപ്പോർട്ടുകളിൽ കാണാം.
2023 ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന വംശഹത്യയിൽ ഇതുവരെ 72,000ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കൊല്ലപ്പെട്ടവരിൽ 21,289 കുട്ടികളെങ്കിലും ഉൾപ്പെടുന്നതായും 44,500 കുട്ടികൾ ഉൾപ്പെടെ 171,230 ഫലസ്തീനികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.