ഓസ്‌കർ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഭാഗമായ ഫലസ്തീൻ ആക്ടിവിസ്റ്റിനെ വെസ്റ്റ്ബാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേലി കുടിയേറ്റക്കാരൻ

'നോ അദർ ലാൻഡ്' എന്ന ചിത്രത്തിന്റെ ഭാഗമായിരുന്ന ഔദ മുഹമ്മദ് ഹദാലിനെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിൽ വെച്ച് കൊലപ്പെടുത്തുന്നത്

Update: 2025-07-29 04:54 GMT
Editor : rishad | By : Web Desk

വെസ്റ്റ്ബാങ്ക്: ഓസ്‌കർ പുരസ്‌കാരം നേടിയ സിനിമയുടെ ഭാഗമായ ഫലസ്തീന്‍ ആക്ടിവിസ്റ്റ്, ഔദ മുഹമ്മദ് ഹദാലീനെ കൊലപ്പെടുത്തി ഇസ്രായേലി കുടിയേറ്റക്കാരന്‍. വെസ്റ്റ്ബാങ്കിലെ  മസാഫർ യാട്ടയിലെ ഉം അൽ-ഖൈർ എന്ന ഗ്രാമത്തില്‍വെച്ചാണ് ഇസ്രായേലി കുടിയേറ്റക്കാരന്റെ ക്രൂരകൃത്യം. 

'നോ അദർ ലാൻഡ്' എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 97-ാമത് ഓസ്‌കർ പുരസ്‌കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തിലായിരുന്നു 'നോ അദര്‍ ലാന്‍ഡ്' പുരസ്‌കാരം നേടിയിരുന്നത്.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ചിത്രമായിരുന്നു 'നോ അദര്‍ലാന്‍ഡ്'. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കുടിയേറ്റം മസാഫര്‍ യാട്ടയുടെ തകര്‍ച്ചയാണ് ചിത്രം പറഞ്ഞിരുന്നത്.  യുഎസില്‍ ചിത്രത്തിന് തിയേറ്ററുകളിലെത്തിക്കാന്‍ ഒരു വിതരണക്കാരനെപ്പോലും ലഭിച്ചിരുന്നില്ല. ഈ ചിത്രത്തിന് പുരസ്‌കാരം കിട്ടിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. 

ചിത്രത്തിന്റെ ഭാഗമായിരുന്ന ഇസ്രായേലി പത്രപ്രവർത്തകൻ യുവാൽ എബ്രഹാമും, ഫലസ്തീൻ പത്രപ്രവർത്തകൻ ബാസൽ അദ്രയും മുഹമ്മദ് ഹദാലിന്റെ മരണം സ്ഥിരീകരിച്ചു. തന്റെ ഗ്രാമത്തിലെ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ നിൽക്കുമ്പോഴാണ് കുടിയേറ്റക്കാരൻ വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഇസ്രായേല്‍ പൊലീസ് പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News