Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തെൽ അവീവ്: ബന്ദികളുടെ മോചനത്തിന് ഹമാസുമായി കരാർ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ വൻ പ്രക്ഷോഭം. പ്രതിഷേധ പരിപാടികൾ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്. താത്കാലിക വെടിനിർത്തലിന് സന്നദ്ധമെന്ന് ഇസ്രായേൽ അറിയിച്ചു. അൽ അഹ്‍ലി ബാപ്സ്റ്റിക് ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ഏഴ് മരണം. ഇസ്രായേലിന് നേർക്ക് വീണ്ടും മിസൈലുകളയച്ച് യെമനിലെ ഹൂതികൾ.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം വ്യാപകമായിരിക്കുകയാണ്. തലസ്ഥാനമായ തെൽ അവീവിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി. യുദ്ധവിരുദ്ധ പ്രവർത്തകർ ജറൂസലം-തെൽ അവീവ് ഹൈവേ ഉപരോധിച്ചു. പ്രക്ഷോഭകർക്ക് നേരെ ഇസ്രായേൽ സുരക്ഷാ സേന ബലപ്രയോഗം നടത്തി. രാജ്യ താത്പര്യത്തിന് വിരുദ്ധമായ പ്രക്ഷോഭ പരിപാടികൾ ശക്തമായി നേരിടുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.
യുഎസിലും വിവിധ യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കാനഡയിലും യുദ്ധവിരുദ്ധ പ്രകടനങ്ങൾ നടന്നു. അതിനിടെ, ഗസ്സ ഏറ്റെടുക്കൽ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ തന്നെ താത്കാലിക വെടിനിർത്തലിന് രാജ്യം സന്നദ്ധമാണെന്ന് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഗസ്സയിൽ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം നടന്നു. ചികിത്സ തേടിയെത്തിയവർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഭക്ഷണം തേടിയെത്തിയ 24 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ചുകൊന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗസ്സ സിറ്റിയിൽ നിന്ന് ജനങ്ങളെ തുരത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ സേന അക്രമം വ്യാപിപ്പിച്ചു. തെക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ പുറന്തള്ളാനാണ് നീക്കം. ഉപരോധത്തിനിടയിലും ഇന്നലെ തമ്പുപകരണങ്ങൾ കടത്തിവിട്ടത് തെക്കൻ ഗസ്സയെ കോൺസെൻട്രേഷൻ ക്യാമ്പാക്കി മാറ്റുന്നതിന്റെ ഭാഗമായാണെന്ന ആശങ്കയുണ്ട്. യെമനിലെ ഹൂതികൾ അയച്ച രണ്ട് മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ബെൻഗുരിയോൺ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മണിക്കൂറുകൾ നിർത്തി വെക്കുകയും ചെയ്തു.