ആയത്തുല്ലാ അലി ഖാംനഈയെ വധിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
ഖാംനഈയെ വധിക്കാനുള്ള പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്
തെല്‍ അവിവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെ വധിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ച നെതന്യാഹു, ഖാംനഈയെ 'ആധുനിക ഹിറ്റ്ലർ' എന്നാണ് വിളിച്ചത്.
ഖാംനഈയെ കൊല്ലാനുള്ള പദ്ധതിയെ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്. 'അത് (ഖാംനഈ വധം) സംഘർഷം വർധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണ് ചെയ്യുക' -നെതന്യാഹു പറഞ്ഞു.
ഖാംനഈയെ ലക്ഷ്യം വെക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ഡോണള്‍ഡ് ട്രംപ് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംഘര്‍ഷം വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ ഇടപെടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാനികള്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല – ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്രായേൽ-ഇറാൻ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയിലാണ് ലോകം. ഇന്നലെ തുടർച്ചയായ നാലാംരാത്രിയിലും ഇരുഭാഗത്തുനിന്നും ആക്രമണമുണ്ടായി. ഇറാൻ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്രായേൽ ബോംബിട്ടു. നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. തിരിച്ചടിയെന്നോണം ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് ഇറാന്റെ മിസൈൽ ആക്രമണം തുടരുകയാണ്.