ഇസ്രായേല്‍ ജയില്‍ചാട്ടം: പിടിയിലായ ഫലസ്തീനിക്ക് ജയിലില്‍ ക്രൂരപീഡനം

സെല്ലിലെ ശുചിമുറിയില്‍നിന്നു പുറത്തേക്ക് തുരങ്കമുണ്ടാക്കിയാണ് ആറുപേരടങ്ങുന്ന ഫലസ്തീന്‍ സംഘം ഈ മാസം ഏഴിന് ഇസ്രായേല്‍ ജയില്‍ ചാടിയത്.

Update: 2021-09-16 13:53 GMT
Editor : abs | By : Web Desk
Advertising

ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍നിന്ന് രക്ഷപ്പെട്ട ഫലസ്തീനിക്ക് ക്രൂരപീഡനമെന്ന് പരാതി. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ജയിലില്‍നിന്ന് തടവുചാടിയവരില്‍ ഒരാളായ മുഹമ്മദ് അല്‍ അരീദയെ പിടികൂടി ജയിലില്‍ തിരിച്ചെത്തിച്ചതുമുതല്‍ ക്രൂരമായ മര്‍ദനമാണ് നേരിടുന്നതെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഖാലിദ് മഹാജ്‌ന ആരോപിച്ചു. അരീദയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരീദയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. ഉറങ്ങാന്‍ അനുവദിക്കാതെ ഇരുപതോളം ഇസ്രായേലി പൊലീസുകാരാണ് ഇദ്ദേഹത്തെ നിരന്തരം ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നത്. ഇതില്‍ ഒരു ഉദ്യോഗസ്ഥന്‍ അരീദയ്ക്ക് നേരെ തോക്കുചൂണ്ടി തനിക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും വെടിയേറ്റ് മരിക്കാന്‍ മാത്രമേ തനിക്ക് അര്‍ഹതയുള്ളൂവെന്നും ആക്രോശിച്ചതായും അഭിഭാഷകന്‍ പറഞ്ഞു.

രണ്ട് മീറ്റര്‍ മാത്രം നീളമുള്ള സെല്ലിലാണ് അരീദയെ പാര്‍പ്പിച്ചിരിക്കുന്നത്. 24 സിസിടിവി കാമറയുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്. ജയിലില്‍ തിരിച്ചെത്തിച്ച ശേഷം ഭക്ഷണം നിഷേധിച്ചതായും ആരോപണമുണ്ട്.

സെല്ലിലെ ശുചിമുറിയില്‍നിന്നു പുറത്തേക്ക് തുരങ്കമുണ്ടാക്കിയാണ് ആറുപേരടങ്ങുന്ന ഫലസ്തീന്‍ സംഘം ഈ മാസം ഏഴിന് ഇസ്രായേല്‍ ജയില്‍ ചാടിയത്. ഇതില്‍ നാലുപേരെ പിടികൂടി ജയിലില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളുടെയും നിരീക്ഷണ കാമറകളുടെയും കണ്ണുവെട്ടിച്ചാണ് ഇവര്‍ പുറത്തുകടന്നത്. ജയിലിനു പുറത്തെത്താന്‍ തടവുകാര്‍ ഉണ്ടാക്കിയ തുരങ്കത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News