'ഗസ്സ കരാറിനെ അപകടത്തിലാക്കരുത്'; ഇസ്രായേലിൽ തെരുവിലിറങ്ങി ജനം, ഹൈവേ ഉപരോധിച്ച് പ്രതിഷേധക്കാർ
ഹോസ്റ്റേജസ് സ്ക്വയർ എന്നറിയപ്പെടുന്ന തെൽ അവീവ് മ്യൂസിയത്തിന് പുറത്ത് ഒത്തുചേർന്നതിന് ശേഷമാണ് പ്രതിഷേധക്കാർ ഹൈവയിലേക്ക് ഇരച്ച് കയറിയത്
തെൽ അവീവ്: ഗസ്സ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട അസ്ഥിരതകൾക്കിടെ ഇസ്രായേൽ തലസ്ഥാനത്ത് വൻ പ്രതിഷേധം. ഇസ്രായേൽ കരാർ നിബന്ധനകൾ ലംഘിക്കുവെന്ന് കാണിച്ച് ഹമാസ് ബന്ദി കൈമാറ്റം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി തെൽ അവീവിലെ അയലോൺ ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"ഹമാസിന്റെ തന്ത്രത്തിന് ഇരയാകരുതെന്നും, ബന്ദിമോചനത്തിനായി തുറന്നിട്ട വാതിൽ അടയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഞങ്ങൾ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെടുന്നു," ഹോസ്റ്റേജസ് ഫാമിലിസ് ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരു തരത്തിലും ഇസ്രായേൽ സർക്കാരിന് രണ്ടാം ഘട്ടം വൈകിപ്പിക്കാൻ സാധിക്കില്ലെന്നും, അത് കരാറിനെ അപകടത്തിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഹോസ്റ്റേജസ് സ്ക്വയർ എന്നറിയപ്പെടുന്ന തെൽ അവീവ് മ്യൂസിയത്തിന് പുറത്ത് ഒത്തുചേർന്നതിന് ശേഷമാണ് പ്രതിഷേധക്കാർ ഹൈവയിലേക്ക് ഇരച്ച് കയറിയത്. 2023 ഒക്ടോബർ 7-ന് നോവ സംഗീതോത്സവത്തിൽ നിന്ന് ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ധിയായ അലോൺ ഓഹലിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഒത്തുചേരൽ. 16 മാസം ഹമാസ് തടവിൽ വെച്ച അലോൺ ജീവിച്ചിരിപ്പുണ്ടെന്ന ആദ്യ വിവരം കുടുംബത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
വരും ആഴ്ചകളിൽ പതിനേഴു ബന്ദികൾ ഇസ്രായേലിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 9 പേരാണ് ജീവനോടെയുള്ളത്. അവശേഷിക്കുന്ന 59 ബന്ധികളിൽ 34 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.