'വാഷ് റൂമില്‍ തുരങ്കം നിര്‍മിച്ചു'; ഇസ്രയേലിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും ആറ് ഫലസ്തീനികള്‍ അതി വിദഗ്ധമായി രക്ഷപ്പെട്ടു

ഗില്‍ബോ ജയിലിനകത്തെ വാഷ് റൂമില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെ ഇഴഞ്ഞ് നീങ്ങിയാണ് ഫലസ്തീനി തടവുകാര്‍ രക്ഷപ്പെട്ടത്

Update: 2021-09-06 15:33 GMT
Editor : ijas

ഇസ്രായേലിലെ അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ജയിലില്‍ നിന്നും ആറ് ഫലസ്തീനികള്‍ രക്ഷപ്പെട്ടു. വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോ ജയിലിനകത്തെ വാഷ് റൂമില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെ ഇഴഞ്ഞ് നീങ്ങിയാണ് ഫലസ്തീനി തടവുകാര്‍ രക്ഷപ്പെട്ടത്. ഒരേ സെല്ലില്ലുണ്ടായിരുന്ന ഫലസ്തീനി തടവുകാര്‍ തുരങ്കത്തിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പുറത്തുനിന്നുള്ള സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തടവുകാരുടെ രക്ഷപ്പെടലില്‍ ഫലസ്തീനികള്‍ തെരുവുകളില്‍ ആഹ്ളാദം പ്രകടിപ്പിച്ചു.


മുന്‍ ഫതഹ് പാര്‍ട്ടി നേതാവ് സകരിയ സുബൈദി(46), 2000ത്തിലെ ഫലസ്തീന്‍ ഇന്‍തിഫാദക്കിടെ ഇസ്രായേലിനെതിരെ ആക്രമണം നയിച്ചതിന് ജീവപര്യന്തം ശിക്ഷിച്ച അഞ്ച് ഫലസ്തീന്‍ ഇസ്‍ലാമിക് ജിഹാദ് പ്രവര്‍ത്തകര്‍ എന്നിവരാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവര്‍ ഫലസ്തീനി പട്ടണമായ ജനിനിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

രാത്രിതന്നെ ജയിലിന് സമീപത്തെ പാടത്ത് സംശയാസ്പദമായ രീതിയില്‍ നിരവധി പേരെ കണ്ടതായും, തൊട്ടുടനെ സെല്ലുകളില്‍ നിന്നും തടവുപുള്ളികള്‍ രക്ഷപ്പെട്ടതായി കണ്ടെത്തിയതായും ഇസ്രായേലി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇസ്രായേലി പൊലീസും സൈനികരും ആഭ്യന്തര സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചതായും ഗില്‍ബോ ജയിലിന് ചുറ്റുമുള്ള പ്രദേശത്തും ചെക്ക് പോസ്റ്റുകളിലും സ്നിഫര്‍ നായകളെ വിന്യസിച്ചതായും അറിയിച്ചു. ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ സൈനികരുടെ നേതൃത്വത്തില്‍ ഹെലിക്കോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെ ശക്തമായ തിരച്ചില്‍ നടക്കുകയാണ്.

അതെ സമയം ഫലസ്തീനി തടവുകാരുടെ രക്ഷപ്പെടലില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഹമാസും ഫലസ്തീനിയന്‍ പ്രിസണേഴ്സ് ക്ലബും രംഗത്തുവന്നു. ഇസ്രായേലി സുരക്ഷാ സംവിധാനത്തിന്‍റെ യഥാര്‍ത്ഥ പരാജയമാണ് രക്ഷപ്പെടല്‍ എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. തടവുകാരുടെ രക്ഷപ്പെടല്‍ ഇസ്രായേലി സുരക്ഷാ സംവിധാനത്തിനെതിരായ വിജയമാണെന്നും ഇത് വലിയൊരു കാര്യമാണെന്നും ഫലസ്തീനിയന്‍ പ്രിസണേഴ്സ് ക്ലബ് തലവന്‍ ഖദുറ ഫറസ് വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News