ഗസ്സയിലെ മൂന്ന് യുഎൻ ഏജൻസി തലവൻമാരുടെ വിസ പുതുക്കാൻ വിസമ്മതിച്ച് ഇസ്രായേൽ
ഒസിഎച്ച്എ, ഒഎച്ച്‌സിഎച്ച്ആർ, യുഎൻ റിലീഫ് എജൻസി എന്നിവയുടെ പ്രാദേശിക മേധാവികൾക്കാണ് വിസ നിഷേധിച്ചത്.
യുണൈറ്റഡ് നേഷൻസ്: ഗസ്സയിലെ മൂന്ന് യുഎൻ ഏജൻസികളുടെ തലവൻമാരുടെ വിസ പുതുക്കാൻ വിസമ്മതിച്ച് ഇസ്രായേൽ. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ), ഓഫീസ് ഓഫ് ദ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ഒഎച്ച്‌സിഎച്ച്ആർ), യുഎൻ റിലീഫ് എജൻസി എന്നിവയുടെ പ്രാദേശിക മേധാവികൾക്കാണ് വിസ നിഷേധിച്ചത്.
വിസ നിഷേധിച്ച ഇസ്രായേൽ നടപടിക്കെതിരെ യുഎൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം മേധാവി ടോം ഫ്‌ളെച്ചർ രൂക്ഷ വിമർശനമുന്നയിച്ചു. സിവിലിയൻമാർക്ക് സഹായം നൽകുന്നത് മാത്രമല്ല, അന്താരാഷ്ട്ര മാനുഷിക നിയമത്തിന് വേണ്ടി വാദിക്കുന്നതും യുഎൻ ഹ്യൂമാനിറ്റേറിയൻ വിഭാഗത്തിന്റെ ചുമതലയാണെന്ന് സുരക്ഷാ കൗൺസിലിൽ ഫ്‌ളെച്ചർ പറഞ്ഞു.
ഗസ്സയിൽ തങ്ങൾ കാണുന്നത് റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച് സഹായം ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാനുള്ള സാഹചര്യം കുറയുകയാണ്. തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിൽ ഇന്ന് ഗസ്സയിലുള്ളതിനെക്കാൾ വലിയ വെല്ലുവിളി ലോകത്ത് ഒരിടത്തുമില്ല. വിസ പുതുക്കാതിരിക്കുകയോ വിസയുടെ കാലാവധി വെട്ടിക്കുറക്കുകയോ ആണ് ഇസ്രായേൽ ചെയ്യുന്നതെന്നും ഫ്‌ളെച്ചർ പറഞ്ഞു.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് മുമ്പ് തന്നെ യുഎൻ റിലീഫ് ഏജൻസിക്കെതിരെ ഇസ്രായേൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഹമാസിനൊപ്പം ചേർന്ന് യുഎൻ റിലീഫ് ഏജൻസിയും ഇസ്രായേൽ വിരുദ്ധത പ്രചരിപ്പിക്കുകയാണ് എന്നാണ് അവർ ആരോപിക്കുന്നത്.
യുഎൻ റിലീഫ് ഏജൻസിയിൽ ഹമാസ് പ്രവർത്തകർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, റിലീഫ് ഏജൻസി സ്റ്റാഫുകളിൽ ചിലർ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവർത്തിക്കുന്നതിന് യുഎൻ റിലീഫ് ഏജൻസിക്ക് വിലക്കേർപ്പെടുത്തിയ ഇസ്രായേൽ അതിന്റെ കമ്മീഷണർ ജനറലായ ഫിലിപ്പി ലസ്സാരിനി ഗസ്സയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.