'സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്കൊപ്പം രഹസ്യനടപടികള്‍ ഉള്‍പ്പെടെ പരിഗണനയില്‍'; ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

വിവാഹ ചടങ്ങിന് നേരെയുണ്ടായ ആക്രമണം ഇറാന്‍ ആയുധമാക്കിയതോടെ യുഎസ് പ്രതിരോധത്തിലായി

Update: 2026-09-04 02:01 GMT

വാഷിങ്ടണ്‍: ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക. സാമ്പത്തിക, സൈനിക, നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊപ്പം രഹസ്യനടപടികള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും പരിഗണനയിലുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു.

കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താതെ ഇറാനുമായി ചര്‍ച്ചക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. യുദ്ധത്തില്‍ അമേരിക്ക എളുപ്പത്തില്‍ വിജയിക്കുകയാണെന്നും വെടിക്കോപ്പില്ലെന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ രാജ്യദ്രോഹികളാണ്. അമേരിക്ക വന്‍തോതില്‍ വെടിക്കോപ്പുകള്‍ ഉല്‍പാദിപ്പിച്ച് ശേഖരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

എന്നാല്‍ വിവാഹ ചടങ്ങിന് നേരെയുണ്ടായ ആക്രമണം ഇറാന്‍ ആയുധമാക്കിയതോടെ യുഎസ് പ്രതിരോധത്തിലായി. തെക്കന്‍ ഇറാനിലെ കുഹെസ്തക്കില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പിന്നാലെ ഐസിസി അന്വേഷണം വേണമെന്ന് ഇറാന്‍ റെഡ് ക്രസന്റ് സൊസൈറ്റി ആവശ്യപ്പെട്ടു.

അതേസമയം കുവൈത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. നിലവില്‍ ഹോര്‍മുസിനെ പിടിമുറുക്കിയാണ് ഇറാന്‍ മുന്നോട്ടുപോകുന്നത്.

ഇതിനിടെ ഇറാനെതിരെ യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രംഗത്തെത്തി. ഇറാന്‍ ആക്രമിച്ചാല്‍ തെഹ്‌റാന്റെ ഊര്‍ജ-അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നാണ് കാറ്റ്‌സിന്റെ മുന്നറിയിപ്പ്.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി 28ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തലോടെ അവസാനിച്ച ആദ്യഘട്ട യുദ്ധത്തില്‍ 3,468 പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 24 വരെ നടന്ന രണ്ടാംഘട്ട സംഘര്‍ഷത്തില്‍ 59 പേര്‍ കൊല്ലപ്പെടുകയും 666 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുഎസ് ആക്രമണത്തില്‍ മിനാബിലെ ഒരു പ്രാഥമിക വിദ്യാലയം തകര്‍ന്നിരുന്നു. സംഭവത്തില്‍ 120 കുട്ടികളുള്‍പ്പെടെ 156 പേരാണ് കൊല്ലപ്പെട്ടത്. ലാമെര്‍ഡിലെ സ്‌പോര്‍ട്‌സ് ഹാളിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാല് കുട്ടികളുള്‍പ്പെടെ 21 പേരും കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News