‘നിങ്ങൾ ഇന്ത്യയിലല്ല!’; സ്വിറ്റ്സർലൻഡിൽ വംശീയ അധിക്ഷേപം നേരിട്ടെന്ന് ശതകോടീശ്വരന്റെ മകൾ വസുന്ധര ഓസ്വാൾ, വീഡിയോ പുറത്ത്
വീട്ടുമുറ്റത്തെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് തുറന്നടിപ്പ്; ‘ഇത് ഒറ്റപ്പെട്ട സംഭവം അല്ല, സ്വിറ്റ്സർലൻഡിലെ വംശീയ വിവേചനത്തിന്റെ മുഖം’
ഇന്ത്യൻ വംശജയും വ്യവസായി പങ്കജ് ഓസ്വാളിന്റെ മകളുമായ വസുന്ധര ഓസ്വാൾ സ്വിറ്റ്സർലൻഡിൽ താനും കുടുംബവും വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് ആരോപിച്ചു. വീട്ടുമുറ്റത്ത് അയൽവാസിയുമായുണ്ടായ തർക്കത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വസുന്ധര, സ്വിറ്റ്സർലൻഡിൽ വർധിച്ചുവരുന്ന വംശീയ വിവേചനത്തിന്റെയും വിദേശികളോടുള്ള വിരോധ മനോഭാവത്തിന്റെയും ഉദാഹരണമാണ് ഈ സംഭവമെന്നും ആരോപിച്ചു.
വസുന്ധര പങ്കുവെച്ച വീഡിയോയിൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് പുൽവെട്ടൽ യന്ത്രം ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് ഒരു പ്രായമായ സ്വിസ് സ്വദേശിയായ അയൽവാസി എത്തുന്നതാണ് കാണുന്നത്. “നിങ്ങൾ ഇന്ത്യയിലല്ല” എന്ന പരാമർശത്തോടെയാണ് ഇയാൾ പ്രതിഷേധിച്ചതെന്ന് വസുന്ധര പറഞ്ഞു. എന്നാൽ ആ സമയത്ത് പുൽവെട്ടൽ യന്ത്രം ഉപയോഗിക്കുന്നത് തടയുന്ന നിയമമൊന്നുമില്ലെന്ന് കുടുംബം മറുപടി നൽകിയതായും, തുടർന്ന് ആവർത്തിച്ച് പരാമർശങ്ങൾ നടത്തിയതോടെ അയൽവാസിയോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ വസുന്ധര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് സ്വിറ്റ്സർലൻഡിലെ വംശീയ വിവേചനത്തെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തങ്ങളുടെ വീട്ടിലെ തോട്ടക്കാരൻ നൽകിയ വിവരമനുസരിച്ച്, സമീപത്തുള്ള മറ്റൊരു വീട്ടിൽ അതേ സമയം പുൽവെട്ടൽ യന്ത്രം ഉപയോഗിച്ചിരുന്നെങ്കിലും അവിടെ പ്രതിഷേധിക്കാൻ അയൽവാസി എത്തിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിലൂടെ ഇന്ത്യക്കാരായതിനാലാണ് തങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടതെന്ന സംശയം ശക്തമാകുന്നുവെന്നും വസുന്ധര പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി സ്വിറ്റ്സർലൻഡിൽ താമസിക്കുകയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വസതികളിലൊന്ന് നിർമിക്കുകയും ചെയ്തിട്ടും ഇത്തരമൊരു സമീപനം നേരിടേണ്ടിവരുന്നത് നിരാശപ്പെടുത്തുന്നതാണെന്ന് അവർ കുറിച്ചു. വ്യത്യസ്ത ചർമ്മനിറമുള്ളവരെയും സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന വിദേശികളെയും ലക്ഷ്യമിട്ട് നടക്കുന്ന വിവേചനം പലപ്പോഴും പുറത്തുവരാറില്ലെന്നും അവർ ആരോപിച്ചു.
സ്വിറ്റ്സർലൻഡിൽ താമസിക്കുന്നവരിൽ ഏകദേശം 17 ശതമാനം ആളുകൾ വംശീയ വിവേചനം നേരിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും വസുന്ധര അവകാശപ്പെട്ടു. ഇത്തരത്തിലുള്ള അനുഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിനാൽ പ്രശ്നത്തിന്റെ യഥാർഥ വ്യാപ്തി പുറത്തുവരുന്നില്ലെന്നും അവർ പറഞ്ഞു.
ടൂറിസം, വിദ്യാഭ്യാസം, സ്ഥിരതാമസം എന്നിവയ്ക്കായി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യക്കാരോട് അവിടെയുള്ള സമൂഹത്തിന്റെ സമീപനം കൂടി വിലയിരുത്തണമെന്ന് വസുന്ധര അഭ്യർഥിച്ചു. ഇന്ത്യക്കാരുടെ പണവും സംഭാവനകളും സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യക്കാരെയും എങ്ങനെ കാണുന്നുവെന്നത് കൂടി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, വസുന്ധരയുടെ ആരോപണങ്ങളോട് സ്വിസ് അധികൃതരോ ബന്ധപ്പെട്ട അയൽവാസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.