തെൽ അവിവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മകൻ സ്വന്തം പേരിൽ നിന്ന് കുടുംബപ്പേര് ഒഴിവാക്കിയതായി റിപ്പോർട്ട്. നെതന്യാഹുവിന്‍റെ മൂത്ത പുത്രൻ യാഇർ നെതന്യാഹുവാണ് നെതന്യാഹുവെന്ന കുടുംബപ്പേര് സ്വന്തം പേരിൽ നിന്നൊഴിവാക്കി 'യോനാഥൻ ഹോൺ' എന്ന പേര് സ്വീകരിച്ചത്. കുടുംബപ്പേര് വെച്ച് അമേരിക്കയിൽ ബിസിനസ് ചെയ്യാനാവുന്നില്ലെന്നതിനാലാണ് യാഇർ പേരുമാറ്റിയതെന്ന് ഇസ്രായേലീ മാധ്യമങ്ങളടക്കം വിവിധ അന്താരാഷ്ട്ര ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
2024 ഡിസംബറിൽ പുറത്തിറങ്ങിയ ടാക്സ് വിത്ത്ഹോൾഡിങ് രേഖകളിൽ അദ്ദേഹത്തിന്‍റെ പഴയ പേരായ യാഇർ നെതന്യാഹു എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഈ വർഷം പുറത്തിറങ്ങിയ രേഖകളിൽ പുതിയ പേരായ യോനാഥൻ ഹോൺ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സമാനമായ രീതിയിൽ മുൻപും യാഇർ സ്വന്തം പേരിൽ മാറ്റത്തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. നേരത്തെ, യാഇർ ഹൂൺ എന്നായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ പേര്. തന്‍റെ മാതൃപിതാവ് ഷുമൈലിന്‍റെ കുടുംബപ്പേരുമായി ചേർത്താണ് ഹൂൺ എന്ന സർനെയിം സ്വീകരിച്ചത്.
അമേരിക്കയടക്കമുള്ള വിവിധ അന്താരാഷ്ട്ര മേഖലകളിൽ 'നെതന്യാഹു കുടുംബം' രാഷ്ട്രീയപരമായും നിയമപരമായും നിരവധി വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് യാഇറിന്‍റെ നീക്കം. ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മനുഷ്യത്വവിരുദ്ധമായ നടപടികളും യുദ്ധക്കുറ്റങ്ങളും ചുമത്തിയാണ് വാറണ്ട്. ഇതേത്തുടർന്ന് അമേരിക്കയിലുടനീളം നെതന്യാഹുവിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നെതന്യാഹുവിനെതിരെ ഉയർന്നുവരുന്ന ക്രിമിനൽ കേസുകളും വിവാദങ്ങളും യാഇറിന്‍റെ ബിസിനസ് നീക്കങ്ങൾക്ക് വൻ തിരിച്ചടിയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസിലെ അതിതീവ്ര വലതുപക്ഷ സംഘടനകളുമായി വിവിധ ബിസിനസ് ഇടപാടുകൾ നടത്തിവരികയാണ് യാഇർ.
ഇതാദ്യമായല്ല, നെതന്യാഹു കുടുംബത്തിലുള്ളവർ തങ്ങളുടെ കുടുംബപ്പേര് മാറ്റുന്നത്. യാഇറിന്‍റെ സഹോദരൻ അവ്നെർ അഞ്ച് വർഷങ്ങൾക്ക് മുൻപ് 'അവി സെഗൽ' എന്ന പേരിലേക്ക് മാറിയിരുന്നു. പുതിയ പേര് സ്വീകരിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിൽ വൻതോതിൽ കച്ചവടം നടത്തി അയാൾ ലാഭം കൊയ്യുകയുണ്ടായെന്ന് ഇസ്രായേൽ മാധ്യമങ്ങൾ തന്നെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1980-കളിൽ ബെഞ്ചമിൻ നെതന്യാഹു തന്നെയും യുഎസിൽ സ്വന്തം പേര് മറച്ചുവെച്ച് താമസിച്ചിട്ടുണ്ട്. ബെൻ നിറ്റായ് എന്ന പേരിലാണ് ദീർഘകാലം നെതന്യാഹു അമേരിക്കയിൽ കഴിഞ്ഞിരുന്നത്.
ഗസ്സയിലെയും ലെബനാനിലെയും സൈനിക നീക്കങ്ങളും, ഉയർന്നുവരുന്ന അഴിമതിയാരോപണങ്ങളുമാണ് നെതന്യാഹുവിനെതിരിലുള്ള കടുത്ത ജനരോഷത്തിന്‍റെ പ്രധാനകാരണം. ഫലസ്തീന്‍ വംശഹത്യക്ക് പിന്നാലെ നെതന്യാഹുവിനെതിരെ ഇസ്രായേല്‍ കോടതികളിലുള്ള അഴിമതിക്കേസുകളില്‍ നിയമനടപടികള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഴിമതി, തട്ടിപ്പ്, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള നിരവധി കേസുകളാണ് നെതന്യാഹു നേരിടുന്നത്. നെതന്യാഹുവും ഭാര്യ സാറയും ഹോളിവുഡ് നിര്‍മാതാവ് ആര്‍നോണ്‍ മില്‍ചനില്‍ നിന്നും മറ്റ് ധനികരില്‍ നിന്നും ലക്ഷങ്ങളുടെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം. വിലപിടിപ്പുള്ള സിഗരറ്റുകള്‍ മുതല്‍ ഷാംപെയ്‌നും ആഭരങ്ങളും വരെയുണ്ട് അക്കൂട്ടത്തില്‍. ഈ സമ്മാനങ്ങള്‍ക്ക് പകരമായി, മില്‍ചന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നാണ് ഒരു കേസ്.
ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത് അഹ്രോനോത്തിന്റെ ഉടമ ആര്‍നോണ്‍ മോസെസുമായുള്ള നെതന്യാഹുവിന്റെ ദുരൂഹമായ ബന്ധമാണ് മറ്റൊരു കേസിനാസ്പദം. പത്രത്തില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി സമ്മര്‍ദം ചെലുത്തി. ഇതിനു പകരമായി, യെദിയോത്തിന്റെ എതിരാളികിളായ ഇസ്രായേല്‍ ഹായോമിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്‌തെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
മൂന്നാമത്തെ കേസും ഒരു മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണ്. മാധ്യമഭീമനായ ബെസെഖുമായുള്ള രഹസ്യ ബാന്ധവമാണ് കേസിനാസ്പദം. സുഹൃത്തും ബെസെക് ടെലികോം കമ്പനിയുടെ ഉടമയുമായ ഷൗല്‍ എലോവിച്ചിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ നിയമനിര്‍മാണങ്ങള്‍ നടത്തി. പകരമായി ബെസെഖിനു കീഴിലുള്ള ഹീബ്രു മാധ്യമം 'വല്ല' വെബ്സൈറ്റില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ആരോപണങ്ങളും നെതന്യാഹു സമ്പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, പലതവണ കേസ് നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടിവന്നിട്ടുമുണ്ട്. ഇതിന് പിന്നാലെ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെതന്യാഹു ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ, നെതന്യാഹു കുടുംബത്തിന്‍റെ പേരുമായി യുഎസിൽ ബിസിനസ് തുടരുന്നത് മികച്ച തീരുമാനമായിരിക്കില്ലെന്ന വിലയിരുത്തലിലാണ് യാഇറിന്‍റെ പേരുമാറ്റമുണ്ടായതെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടി.