മെസ്സി പെനാൽറ്റി പാഴാക്കിയത് ആഘോഷമാക്കിയ ബ്രസീൽ ആരാധകനെ അടിച്ചുകൊന്ന് അർജന്‍റീന ആരാധകർ

മത്സരത്തിനിടെ മെസ്സി പെനാൽറ്റി പാഴാക്കിയതിൽ നടത്തിയ സ്വാഭാവിക പരാമർശങ്ങളാണ് കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത്

Update: 2026-07-10 15:25 GMT

ധാക്ക: ഫുട്ബോൾ ആരാധകരെ ഏറെ ത്രസിപ്പിക്കുകയും ആകാംക്ഷയുടെ മുൾമുനയിലേക്ക് തള്ളിയിടുകയും ചെയ്ത മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അർജന്‍റീന-ഈജിപ്ത് മത്സരം. ഇത്തവണത്തെ വിശ്വമാമാങ്കത്തിലെ വീറും വാശിയും നിറഞ്ഞ ഒരുപിടി മത്സരങ്ങളെടുത്താൽ അതിൽ മുൻപന്തിയിലുണ്ടാകും ഈ മത്സരം. കളിയുടെ തുടക്കത്തിൽ നേടിയ രണ്ട് ഗോളുകളുടെ മികവിൽ ഏറെ നേരം ഈജിപ്ത് മത്സരത്തിൽ മുന്നിട്ടുനിന്നെങ്കിലും, അവസാനനിമിഷങ്ങളിൽ അർജന്‍റീന തിരിച്ചടിച്ച മൂന്ന് ഗോളുകൾ മത്സരഗതിയെ ഒന്നടങ്കം അവർക്ക് അനുകൂലമാക്കുകയായിരുന്നു.

കളിക്കളത്തിലെ വീറും വാശിയും ഒരുപടികൂടി കടന്ന്, മൈതാനത്തിന് പുറത്തേക്ക് വിവാദങ്ങളുടെ കാർമേഘമായി ഉരുണ്ടുകൂടുന്നതിനും ഫുട്ബോൾ ആരാധകർ ഈ മത്സരത്തിലൂടെ സാക്ഷ്യം വഹിക്കുകയുണ്ടായി. ഇപ്പോഴിതാ, അർജന്‍റീന നായകൻ ലയണൽ മെസ്സി മത്സരത്തിനിടെ പെനാൽറ്റി പാഴാക്കിയതിനെ തുടർന്നുള്ള തർക്കങ്ങൾ ഒരു കൊലപാതകത്തിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകൾ കൂടിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിലെ ദുർഗാപൂർ യൂണിയന് കീഴിലുള്ള ധൻപൂർ പ്രദേശത്താണ് സംഭവം. 

Advertising
Advertising

മത്സരത്തിനിടെ മെസ്സി പെനാൽറ്റി മിസ്സ് ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ഓട്ടോ ഡ്രൈവറായ ഷെരീഫുല്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. കുമിള സ്വദേശിയാണ് ഇയാൾ. ചൊവ്വാഴ്ച അർധരാത്രി പ്രദേശത്തെ കടയിലെ ടിവിയിൽ പ്രദർശിപ്പിച്ച അർജന്‍റീന-ഈജിപ്ത് മത്സരം കാണുന്നതിനിടെയാണ് ദാരുണമായ കൊലപാതകമെന്ന് വിവിധ ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കടുത്ത ബ്രസീൽ ആരാധകനായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഈജിപ്തിനെയാണ് ഷെരീഫ് പിന്തുണച്ചിരുന്നത്. മത്സരത്തിനിടെ മെസ്സി പെനാൽറ്റി മിസ് ചെയ്ത നിമിഷം ഷെരീഫുൽ സ്വാഭാവികമായ ചെറിയ പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇങ്ങനെ അദ്ദേഹം നടത്തിയ ഒരു പരാമർശം അർജന്‍റീന ആരാധകരായ ചില പ്രാദേശിക യുവാക്കളെ ചൊടിപ്പിക്കുകയായിരുന്നു. ഇത് പതിയെ വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കൊണ്ടെത്തിക്കുകയും ചെയ്തു. ബാബു, മൈൻ ഉദ്ദീൻ മാലു എന്നിവർ ചേർന്ന് ശെരീഫിനെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് കൂടിനിന്നവർ പൊലീസിന് മൊഴി നൽകി. രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഇയാളെ വീണ്ടും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ശെരീഫിനെ നാട്ടുകാർ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീൽഫാമരി സ്വദേശിയായ ഷെരീഫുൾ എട്ടുമാസങ്ങൾക്ക് മുൻപാണ് ഉപജീവനത്തിനായി കുടുംബത്തോടൊപ്പം കുമിളയിൽ എത്തിയത്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. അക്രമികൾ നിലവിൽ ഒളിവിലാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. തന്‍റെ ഭർത്താവിനെ കൊലപ്പെടുത്തിയവരെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഭാര്യ ബാനു ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News